റയൽ മാഡ്രിഡിൽ വിരമിക്കാനായിരുന്നു വിചാരിച്ചത് പക്ഷേ..കരിം ബെൻസിമ തന്റെ വിടവാങ്ങൽ ചടങ്ങിൽ

നീണ്ട 14 വർഷങ്ങൾക്ക് ശേഷം ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഇടം നേടി ഫ്രഞ്ചുകാരനായ കരീം ബെൻസെമ റയൽ മാഡ്രിഡ്‌ ക്ലബ്ബിനോടും ആരാധകരോടും വിട പറഞ്ഞു. ഇന്ന് സംഘടിപ്പിച്ച ഫെയർവെൽ ചടങ്ങിലാണ് കരീം ബെൻസെമ റയൽ മാഡ്രിഡിനോട് ഔദ്യോഗികമായി വിട പറഞ്ഞ് സംസാരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും പടിയിറങ്ങിയ വേദനകളുടെ മുറിപാടുകൾ മാറും മുൻപാണ് ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട് കരീം ബെൻസെമയും പ്രിയക്ലബ്‌ വിടുന്നത്. റയൽ മാഡ്രിഡിൽ കരാർ അവസാനിക്കുന്ന കരീം ബെൻസെമ സൗദി പ്രോ ലീഗ് ചാമ്പ്യൻ ക്ലബ്ബായ അൽ ഇതിഹാദിനൊപ്പമാണ് ഇനി ഫുട്ബോൾ കരിയർ തുടരുക.

ഇന്ന് നടന്ന ഫെയർവെൽ ചടങ്ങിനിടെ സംസാരിച്ച കരീം ബെൻസെമ തനിക്ക് ശെരിക്കും റയൽ മാഡ്രിഡിൽ നിന്ന് തന്നെ വിരമിക്കണം എന്നാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തി, എന്നാൽ ചില സമയത്ത് എടുക്കേണ്ടി വരുന്ന തീരുമാനങ്ങൾ കാരണമാണ് മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നതെന്ന് ബെൻസെമ സൂചിപ്പിച്ചു.

റയലിനോട് വിട പറയുന്നത് ഏറെ വേദന നൽകുന്നുവെന്നും എല്ലായിപ്പോഴും താൻ റയൽ മാഡ്രിഡിന്റെ മത്സരങ്ങൾ കാണുകയും ടീമിനെ സപ്പോർട്ട് ചെയുകയും ചെയ്യുമെന്ന് കരീം ബെൻസെമ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മാഡ്രിഡ്‌ എന്റെ ഫാമിലിയാണെന്ന് പറഞ്ഞ ബെൻസെമ താൻ റയലിലെ ആദ്യദിവസം പറഞ്ഞത് പോലെ ‘1, 2, 3 ഹലാ മാഡ്രിഡ്‌..’ എന്ന് പറഞ്ഞ് അവസാനിപ്പിക്കയാണെന്നും പറഞ്ഞു.

കരീം ബെൻസെമ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എന്ന് അവകാശപ്പെട്ട റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ ഫ്ലോറൻറ്റീനോ പെരസ് ഫ്രഞ്ച് സൂപ്പർ താരം വളരെ വിത്യസ്തനായ ഒരു താരമാണെന്ന് കൂട്ടിച്ചേർത്തു. നിലവിൽ കരീം ബെൻസെമക്ക് പകരം മികച്ച ഒരു പകരക്കാരനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്‌.

4.5/5 - (2 votes)