പരിശീലകനെ പുറത്താക്കിയത് ഹാട്രിക്കോടെ ആഘോഷിച്ച് കരീം ബെൻസിമ | Karim Benzema

സൗദി പ്രൊ ലീഗ് ക്ലബ് അൽ-ഇത്തിഹാദിനായി ആദ്യ ഹാട്രിക്ക് നേടി ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ. നിലവിലെ സൗദി ലീഗ് ചാമ്പ്യന്മാർ അബഹയെ 4-2 ന് പരാജയപ്പെടുത്തി വിജയവഴിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.2009 ന് ശേഷം ടീമിനെ അവരുടെ ആദ്യ സൗദി ലീഗ് കിരീടത്തിലേക്ക് നയിച്ച് ആറ് മാസത്തിനുള്ളിൽ ഹെഡ് കോച്ച് നുനോ സാന്റോസിനെ അൽ ഇത്തിഹാദ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇറാഖി ടീമായ അൽ-ഖുവ അൽ-ജാവിയയോട് 2-0ന് തോറ്റതിനെ തുടർന്നാണ് പോർച്ചുഗീസ് പരിശീലകൻ പുറത്തായത്.സൂപ്പർ താരം കരീം ബെൻസിമയും സാന്റോയും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലീഗിൽ അഞ്ച് മത്സരങ്ങൾ ജയിക്കാതെ ഇരുന്ന ചാമ്പ്യന്മാർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തിരുന്നു.ടക്കാല പരിശീലകൻ ഹസൻ ഖലീഫയുടെ കീഴിൽ ഇന്നലെ മികച്ച പ്രകടനം പുറത്തെടുക്കാൻ അൽ ഇത്തിഹാദിന്‌ സാധിച്ചു.

38 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ഫ്രഞ്ച് സ്‌ട്രൈക്കർ അൽ ഇത്തിഹാദിനെ മുന്നിലെത്തിച്ചു.ലീഗിലെയും കിംഗ്‌സ് കപ്പിലെയും തുടർച്ചയായ മൂന്ന് വിജയങ്ങളുടെ പിൻബലത്തിൽ ജിദ്ദയിലെത്തിയ അബഹ 51 ആം മിനുട്ടിൽ ടോകോ എക്കാംബിയിലൂടെ സമനില പിടിച്ചു. 54 ആം മിനുട്ടിൽ ബെൻസിമയുടെ ബാക്ക് ഹീൽ പാസിൽ നിന്നും ഇഗോർ കൊർനാഡോ നേടിയ ഗോളിൽ അൽ ഇത്തിഹാദ് മുന്നിലെത്തി.

67 ,69 മിനിറ്റുകളിൽ നേടിയ ഗോളുകളിൽ ബെൻസിമ ഹാട്രിക്ക് തികക്കുകയും സ്കോർ 4 -1 ആക്കി ഉയർത്തുകയും ചെയ്തു.സൗദി ചാമ്പ്യൻമാർക്കായി എട്ട് മത്സരങ്ങളിൽ നിന്ന് ബെൻസിമ ഒമ്പതാം ഗോളായിരുന്നു ഇത്. ബ്രസീലിയൻ താരം ഇഗോർ കൊറോനാഡോയുടെ അസ്സിസ്റ്റിൽ നിന്നാണ് ഫ്രഞ്ച് സ്‌ട്രൈക്കർ രണ്ടു ഗോളുകളും നേടിയത്.85 ആം മിനുട്ടിൽ ഫഹദ് ജുമയ അബയുടെ രണ്ടാം ഗോൾ നേടി സ്കോർ 4 -2 ആയി കുറച്ചു.

Rate this post