ഹീറോ സൂപ്പർ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയം നേടിയിരുന്നു.ദിമിത്രിയോസ്,നിഷു കുമാർ, രാഹുൽ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയത്.
ഏറെ വിവാദങ്ങൾ നിറഞ്ഞ മത്സരത്തിനൊടുവിൽ ഐഎസ്എൽ സീസൺ അവസാനിപ്പിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.സീസണിൽ നേരിട്ട തിരിച്ചടികളെ മറികടക്കാനും ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനും സൂപ്പർകപ്പ് വിജയം ബ്ലാസ്റ്റേഴ്സിന് കൂടിയേ തീരൂ. അതിനു പുറമെ കേരളത്തിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത് എന്നത് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഘടകമാണ്.
വിലക്ക് മൂലം ഇന്നലെ ടീമിനോടൊപ്പം ടച്ച് ലൈനിൽ പരിശീലകനായ ഇവാൻ വുകുമനോവിച്ച് ഉണ്ടായിരുന്നില്ല. ഡോവൻ ആയിരുന്നു മുഖ്യ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട തങ്ങളുടെ പ്രിയപ്പെട്ട പരിശീലകനെ മറന്നിട്ടില്ല. മത്സര ശേഷം ഇവാൻ വുകുമനോവിച്ചിന്റെ പേര് ചാന്റ് ചെയ്യുന്ന ആരാധകരെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇവക്ക് പുറമെ ബ്ലാസ്റ്റേഴ്സിന്റെ പ്ലെ മേക്കർ അഡ്രിയാൻ ലൂണ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ടൂർണമെന്റിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു .
സഹപരിശീലകരായ ഫ്രാങ്ക് ദോവൻ, ഇഷ്ഫാക് അഹമ്മദ് എന്നിവർ മികച്ച കഴിവുകൾ ഉള്ളവരാണെന്നും അതിനാൽ സെർബിയൻ പരിശീലകന്റെ അഭാവം ബാധിക്കില്ലെന്നും സൂപ്പർകപ്പിൽ മികച്ച പ്രകടനം ടീം നടത്തുമെന്നും അതേസമയം കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്കിൻകിൻസിന് പറഞ്ഞു.അത് അക്ഷരാർത്ഥത്തിൽ ശെരിയാവുന്ന കാഴ്ചയാണ് ആദ്യ മത്സരത്തിൽ കാണാൻ സാധിച്ചത്.
Ivanism @KeralaBlasters @kbfc_manjappada @ivanvuko19 pic.twitter.com/id3VBA2mhN
— Aswin Raveendran (@Aswin__United) April 9, 2023
ഇനി ഏപ്രിൽ 12ആം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.ശ്രീനിധി ഡെക്കാൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പിന്നീട് പതിനാറാം തീയതി നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ നേരിടും.നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം വിജയിച്ചാൽ സെക്കൻഡ് റൌണ്ട് ഉറപ്പിക്കാൻ കഴിയും.