“കോവിഡ് ആശങ്കകൾക്കിടയിലും ജൈത്രയാത്ര തുടരാൻ ബ്ലാസ്റ്റേഴ്‌സ് ; എതിരാളികൾ മുംബൈ”

കോവിഡ് ഭീക്ഷണിയുടെ വെല്ലുവിളികളെ അതിജീവിച്ച് നടന്നുകൊണ്ടിരുന്ന ഐ.എസ്.എൽ ടൂർണമെന്റിൽ മഹാമാരി പടർന്നിരിക്കുന്നു എന്ന വാർത്ത വിഷമത്തോടെയാണ് ആരാധകർ കേട്ടത്. എല്ലാ ടീം ക്യാമ്പുകളിലും നിന്നും കോവിഡ് വാർത്തകളാണ് കേൾക്കുന്നത്. ഈ സാഹചര്യത്തിലാണ് ടൂർണമെന്റിൽ ജൈത്രയാത്ര തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങുന്നത്.

പന്ത്രണ്ടാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകർത്തിരുന്നു. ഈ വർഷം കിരീട സാധ്യതയിൽ മുമ്പിൽ ഉണ്ടായിരുന്ന മുംബൈ ആണെങ്കിൽ കേരളത്തോട് തോറ്റതോടെ കണ്ടകശനിയിലാണ്.

കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ പുതിയ പരിശീലകൻ ഇവാന്റെ കീഴിൽ ഒരു സ്വപ്നത്തേരിലാണ്. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം പരാജയമറിയാതെ കുതിക്കുന്ന ടീമിനായി എല്ലാവരും നല്ല രീതിയിൽ കളിക്കുന്നുണ്ട്. ഒരു സംഘമായി കുതിക്കുന്ന ബ്ലാസ്റ്റേഴ്സിനായി അഡ്രിയൻ ലൂണ, അൽവരോ വാസ്ക്വേസ്, സഹൽ അബ്ദൽ സമദ് കൂട്ടുകെട്ടിനൊപ്പം പ്രതിരോധനിരയും കൂടി ഉയർന്ന് കളിക്കുമ്പോൾ ടീമിനെ പരാജയപ്പെടുത്തുക പ്രയാസം തന്നെയാണ്.

സീസണിൽ ബ്ലാസ്റ്റേഴ്സ് പതിനെട്ട് ഗോൾ നേടിയപ്പോൾ മുംബൈ ഇരുപത്തിരണ്ട് ഗോളാണ് സ്കോർ ചെയ്തത്. മുംബൈ ഇരുപത് ഗോൾ വഴങ്ങിയപ്പോൾ ഈ സീസണിൽ ഏറ്റവും ഉറച്ച പ്രതിരോധ നിരയുള്ള ബ്ലാസ്റ്റേഴ്സ് പത്ത് ഗോൾ മാത്രമാണ് വഴങ്ങിയത്. ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സാണ്.

ഇതിനിടെ ആശങ്കയുണർത്തി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടീം ഒഫീഷ്യൽസിൽ ഒരാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങൾക്കോ പരിശീലകർക്കോ കൊവിഡ് ബാധയില്ല. കളിക്കാൻ 15 താരങ്ങൾ ഉണ്ടെങ്കിൽ മത്സരങ്ങൾ നടക്കുമെന്നാണ് ഐ.എസ്.എൽ കമ്മിറ്റി പറയുന്നത്. എന്തായാലും നാളത്തെ മത്സരം കൂടി ജയിച്ച് സെമി ഫൈനലിലേക്ക് ഉള്ള ദൂരം കുറയ്ക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമം