നിരാശകൾക്കിടയിൽ ഒരു സന്തോഷം; നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി ഇതാണ് | Kerala Blasters

പരിക്കും വിലക്കുകളുമായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ നാലാം പോരാട്ടത്തിനിറങ്ങുകയാണ്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്‌സ് മൂന്നാം മത്സരത്തിൽ മുംബൈയോട് പരാജയപെട്ടിരുന്നു. അതിനാൽ വിജയവഴിയിൽ തിരിച്ചെത്താനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റിനോട് പോരാടുന്നത്. ഇന്ന് ഹോം തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ പരിക്കുകളും വിലക്കുകളും ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാണ്.

ഐബാൻ ഡോഹ്ളിങ്ങിന് പരിക്ക് മൂലം സീസൺ നഷ്ടമായതും മാർക്കോ ലെസ്‌കോവിച്ചിന് പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ ഇറങ്ങാൻ സാധിക്കാത്തതും മിലോസിന്റെയും പ്രബീറിന്റെയും വിലക്കും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. എന്നാൽ ഇത്തരം വെല്ലുവിളികൾക്കിടയിൽ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകുകയാണ് കണക്കിലെ കളികൾ.

കണക്കുകളിൽ നോർത്ത് ഈസ്റ്റിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സിന് വ്യക്തമായ അധിപത്യമുണ്ട്. കഴിഞ്ഞ 2 വർഷമായി നോർത്ത് ഈസ്റ്റിന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം.2021 ഫെബ്രുവരി 26 ന് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനോട് പരാജയപെട്ടിരുന്നു. ഇതാണ് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനോട് നേരിട്ട അവസാന പരാജയം. പിന്നീട് ഇരുവരും 5 തവണ ഏറ്റുമുട്ടിയെങ്കിലും നോർത്ത് ഈസ്റ്റിന് ബ്ലാസ്റ്റേഴ്‌സിനെ തോല്പിക്കാനായില്ല.

പിന്നീടുള്ള അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു.ഈ വർഷമാദ്യമാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ദിമിത്രി ഡയമന്തക്കോസിന്റെ ഇരട്ടഗോൾ മികവിൽ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.ഇന്ന് ബ്ലാസ്റ്റേഴ്‌സ് നോർത്ത്ഈസ്റ്റിനോട്‌ മുട്ടുമ്പോൾ പ്രതിസന്ധികൾക്കിടയിൽ ആശ്വാസമാണ് ഈ കണക്കിലെ മുന്നേറ്റം.

Rate this post
Kerala Blasters