സൂപ്പർ കപ്പിൽ പഞ്ചാബിനെതിരെ ഗംഭീര ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഐ ലീഗ്‌ ചാമ്പ്യൻമാരായ റൗണ്ട്‌ ഗ്ലാസ്‌ പഞ്ചാബിനെ 3–1ന്‌ തുരത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ ഉജ്വലമായി അരങ്ങേറി. പെനൽറ്റിയിലൂടെ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌, നിഷുകുമാർ, മലയാളിതാരം കെ പി രാഹുൽ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടി. കൃഷ്ണ സിങ്ങിലൂടെയായിരുന്നു പഞ്ചാബിന്റെ മറുപടി. ജയത്തോടെ എ ഗ്രൂപ്പിൽ മൂന്ന്‌ പോയിന്റുമായി ഒന്നാമതെത്തുകയും ചെയ്‌തു മഞ്ഞപ്പട.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.നാലാം മിനുട്ടിൽ വിബിൻ കൊടുത്താൽ പാസിൽ നിന്നും വിക്ടർ മോംഗിലിന് അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. 15 ആം മിനുട്ടിൽ സഹലിന്റെ ഒരു മുന്നേറ്റം പഞ്ചാബ് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല. 19 ആം മിനുട്ടിൽ ക്യാപ്റ്റൻ ഡിമിട്രിയോസ് ഡയമന്റകോസിന്റെ മുന്നേറ്റം പഞ്ചാബ പ്രതിരോധത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം ലക്ഷയത്തിലെത്തിയില്ല.

30 ആം മിനുട്ടിൽ സഹൽ കൊടുത്ത പാസിൽ നിന്നും ഡാനിഷിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 35 ആം മിനുട്ടിൽ മറ്റൊരു അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ കേരളം പരാജയപ്പെടുന്നു. സഹലിൽ നിന്ന് പന്ത് ലഭിച്ച സൗരവ് വലത് വശത്ത് നിന്ന് പ്രതിരോധത്തിന്റെ അവസാന നിരയെ തോൽപ്പിച്ച് സഹലിലേക്ക് തന്നെ ക്രോസ് ചെയ്തു.എന്നാൽ കീപ്പർ കിരണിന്റെ സമയോചിതമായ ഇടപെടൽ ബ്ലാസ്റ്റേഴ്സിന് ഗോൾ നിഷേധിച്ചു.

41 ആം മിനുട്ടിൽ സൗരവിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ക്യാപ്റ്റൻ ഡയമന്റകോസ് കീപ്പർ കിരണിനെ കബളിപ്പിച്ച് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.54 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡുയർത്തി.നിഷു കുമാർ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. 74 ആം മിനുട്ടിൽ കൃഷ്ണ പഞ്ചാബിനായി ഒരു ഗോൾ മടക്കി.എന്നാൽ മത്സരത്തിന്റെ ഏറ്റവും ഒടുവിൽ രാഹുൽ കെപി ഗോൾ നേടിയതോടുകൂടി ബ്ലാസ്റ്റേഴ്സ് മികച്ച വിജയം കരസ്ഥമാക്കുകയായിരുന്നു.

പരിക്കുസമയം പഞ്ചാബ്‌ പ്രതിരോധക്കാരിൽനിന്ന്‌ പന്ത്‌ പിടിച്ചെടുത്ത രാഹുലിന്റെ ഒറ്റയാൻ മുന്നേറ്റം തടയാൻ ആർക്കുമായില്ല. അത്യൂഗ്രൻ നീക്കത്തിലൂടെ മലയാളി താരം പന്ത്‌ വലയിൽ എത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ ജയമുറപ്പിച്ചു.ഏപ്രിൽ 12ന്‌ ശ്രീനിധി ഡെക്കാനുമായാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Rate this post
Kerala Blasters