“ഒരു പടി കൂടി അടുത്തു , സെമിയിലേക്ക് കടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ പരിശോധിക്കാം”

നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. നിർണായക മത്സരത്തിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് , അൽവാരോ വാസ്‌ക്വസ് (2 ) എന്നിവരുടെ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു കയറിയത്. മുൻപ് രണ്ടു തവണ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലും കളിയിലും കണക്കിലും ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും ഇടയില്ല.

പ്രതിരോധവും ,മധ്യനിരയും , മുന്നേറ്റ നിരയും ഒരു പോലെ നിറഞ്ഞു കളിച്ചപ്പോൾ വിജയം ബ്ലാസ്റ്റേഴ്സിന്റെ ഒപ്പം പോന്നു. 19 മത്സരങ്ങൾ അവസാനിച്ചപ്പോൾ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. തോൽവിയോടെ മുബൈ 31 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ.നിലവില്‍ 18 കളികളില്‍ 37 പോയന്‍റുള്ള ജംഷഡ്പൂര്‍ എഫ് സി ഒന്നാം സ്ഥാനത്തും 19 കളികളില്‍ 35 പോയന്‍റുള്ള ഹൈദരാബാദ് എഫ് സി രണ്ടാം സ്ഥാനത്തുമാണ്. ഇരു ടീമുകളും സെമിയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്കാണ് ബ്ലാസ്റ്റേഴ്സും മുംബൈയും എടികെയും പൊരുതുന്നത്. ഇന്നലത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്‍റെ സാധ്യതകള്‍ സജീവമായപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ സാധ്യതകള്‍ മങ്ങി.

അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരായ എഫ് സി ഗോവക്കെതിരെ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് സെമി സ്ഥാനം ഉറപ്പിക്കാം. അവസാന മത്സത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില നേടുകയും മുംബൈ ഹൈദരാബാദിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇരു ടീമിനും 34 പോയന്‍റ് വീതമാവും. അപ്പോഴും ഇരുപാദങ്ങളിലും നേടിയ ജയം ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷക്കെത്തും. ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറും.ഗോൾ ശരാശരിയിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈയെക്കാൾ വളരെയേറെ മുന്നിലാണ്.

എന്നാൽ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഗോവയോട് പരാജയപ്പെടുകയും മുംബൈ ഹൈദരാബാദിനെ കീഴടക്കുകയും ചെയ്താൽ നാലാം സ്ഥാനക്കാരായി മുംബൈ പ്ലെ ഓഫിലേക്ക് യോഗ്യത നേടും. ഇനിയുള്ള രണ്ടു മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് കരസ്ഥമാക്കിയാൽ മൂന്നാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാന് പ്ലെ ഓഫ് ഉറപ്പിക്കകനായി സാധിക്കും.എടികെക്ക് ചെന്നൈയിനും ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂരിനുമെതിരെയാണ് ഇനി മത്സരങ്ങളുള്ളത്.

നിലവിലെ ഫോമിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അനായാസം എഫ് സി ഗോവയെ മറികടക്കും എന്നാണ് എല്ലാവരും കരുതുന്നത്. പോയിന്റ് ടേബിളിൽ ഒന്പതാം സ്ഥാനത്തുള്ള ഗോവ അവസാന മത്സരം ജയിക്കാനായിട്ടാവും ഇറങ്ങുക.മാര്‍ച്ച് അഞ്ചിന് മുംബൈ ഹൈദരാബാദുമായി മുംബൈ സമനില വഴങ്ങുകയോ തോല്‍ക്കുകയോ ചെയ്താല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറും. അതായത് ഗോവയ്‌ക്കെതിരായ അവസാന മത്സരത്തിനു മുമ്പുതന്നെ ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലെത്തും.

2014, 2016 സീസണുകളിൽ ഫൈനലിൽ എത്തിയതിന് ശേഷമുള്ള സീസണുകളിൽ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. ഓരോ സീസണിലും ടീമിൽ പ്രതീക്ഷിയർപ്പിച്ച് എത്തുന്ന ആരാധകർക്ക് സീസൺ അവസാനം നിരാശ നൽകുന്ന പ്രകടനങ്ങൾ മാത്രമായിരുന്നു ഓർത്തിരിക്കാൻ ഉണ്ടായിരുന്നത്. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും പ്ലെ ഓഫിലെത്തുമ്പോൾ ഫൈനൽ സ്പോട്ട് മാത്രമല്ല കിരീടം കൂടി ആരാധകർ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.

Rate this post