ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന ജീവൻ മരണ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടും.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ പോയിന്റ് നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് അറിയാം.കൊമ്പന്മാർ നാളത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല .2016നു ശേഷം ആദ്യമായി പ്ലേ ഓഫില്‍ പ്രവേശിക്കാമെന്ന സ്വപ്നവുമായാണ് ബ്ലാസ്റ്റേഴ്‌സ് നീങ്ങുന്നത്. ശനിയാഴ്ച രാത്രി 7.30 നാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ ലീഗ് ലീഡർമാരായ ഹൈദരാബാദിനോട് തോറ്റ കേരളം 17 കളികളിൽ നിന്ന് 27 പോയിന്റുമായി അഞ്ചാം സ്ഥാനത്തും സമാന ഗെയിമുകൾ പിന്നിട്ട് 28 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി നാലാം സ്ഥാനത്തുമാണ്. ചെന്നൈയിന്‍ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ജയം നേടിയിട്ടില്ല. അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ നാല് മത്സരങ്ങളിലും ചെന്നൈയിന്‍ പരാജയപ്പെട്ടു. രണ്ട് എണ്ണം സമനിലയിലായി. അവസാന ആറ് മത്സരങ്ങളിലായി 17 ഗോളാണ് ചെന്നൈയിന്‍ വഴങ്ങിയത്.
ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് 2 – 1 നു പരാജയപ്പെട്ടിരുന്നു.അവസാന ആറു മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്.6 മത്സരങ്ങളിൽ മൂന്നു തോൽവി ബ്ലാസ്റ്റേഴ്‌സ് നേരിടുകയും ആദ്യ നാലിൽ നിന്നും പുറത്താവുകയും ചെയ്തു.ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പ്രശ്‍നം ഗോളുകൾ നേടാൻ സാധിക്കാത്തതാണ്. 17 മത്സരങ്ങളിൽ നിന്നും വെറും 24 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.
“ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട് അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട് . എന്നാൽ ഫുട്ബോളിന് ഭാഗ്യം ഒരു പ്രധാന ഘടകമാണ്, വരാനിരിക്കുന്ന മത്സരങ്ങളിൽ ഞങ്ങൾ ഭാഗ്യം അർഹിക്കണം,” ഇവാൻ വുകോമാനോവിച്ച് പത്ര സമ്മേളനത്തിൽ പറഞ്ഞു.ഹൈദരാബാദിനെതിരായ രണ്ടാം പകുതിയിൽ അൽവാരോ വാസ്‌ക്വസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഗോളുകൾ നേടാൻ സാധിക്കുന്നില്ല എന്നത് വലിയ പോരായ്മായാണ്.
ഒരു മത്സരത്തിൽ സസ്പെൻഷനിലായതിനാൽ അവസാന മത്സരത്തിൽ ജോർജ് പെരേര ഡയസ് ലഭ്യമായിരുന്നില്ല, തങ്ങൾ ഇപ്പോഴും അദ്ദേഹത്തിന്റെ വിധിക്കായി കാത്തിരിക്കുകയാണെന്ന് കോച്ച് പറഞ്ഞു. മോഹന ബഗാനെതിരെ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടിയതിന്റെ നിരാശയില്‍ ഡഗൗട്ട് പാനല്‍ തകര്‍ത്തതിനായിരുന്നു ഡിയസിനു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. കൂടുതല്‍ നടപടി ഡിയസ് നേരിടേണ്ടിവരുമോ എന്നത് ഇതുവരെ വ്യക്തമല്ല.
ഐഎസ്എല്‍ ചരിത്രത്തില്‍ ഇരു ടീമുകളും ഇതുവരെ 17 മത്സരങ്ങളില്‍ കൊമ്പുകോര്‍ത്തു. ആറ് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോൾ ചെന്നൈയിന്‍ നാല് ജയം നേടി. എഴ് മത്സരം സമനിലയില്‍ കലാശിച്ചു.ഇനി ഈ സീസണില്‍ ബാക്കിയുള്ളത് മൂന്ന് കളികളാണ്. ശേഷിക്കുന്ന മൂന്ന് കളികളില്‍ ജയത്തില്‍ കുറഞ്ഞ ഒരു പ്രകടനവും ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്തിക്കില്ല. അല്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലത്തിനായി കേരളത്തിന് കാത്തിരിക്കേണ്ടി വരും. നിലവില്‍ പോയിന്‍റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. കേരളത്തിനെ സംബന്ധിച്ച മറ്റൊരു പ്രധാന തിരിച്ചടി ഗോള്‍ വ്യത്യാസത്തില്‍ ടീം പിന്നിലാണെന്നതാണ്. വഴങ്ങിയതിനേക്കാള്‍ അഞ്ച് ഗോള്‍ മാത്രമാണ് കേരളം തിരിച്ചടിച്ചിരിക്കുന്നത്.