തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാൽ എജ്ജാതി, കൊച്ചിയിൽ ഗോവയെ കുളിപ്പിച്ചു കിടത്തി ബ്ലാസ്റ്റേഴ്സ് |Kerala Blasters

തുടർച്ചയായ പരാജയങ്ങൾ നേരിട്ട ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മത്സരങ്ങൾക്ക് ശേഷം തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ രോമാഞ്ചം കൊള്ളിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മത്സരത്തിന് ആദ്യപകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് തകർപ്പൻ വിജയം നേടിയത്.

കഴിഞ്ഞ മൂന്ന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും പരാജയപ്പെട്ട് മോശം ഫോമിലൂടെ കടന്നുപോയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കെതിരെ ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ എഫ് സി ഗോവ അനായാസമായ വിജയം ലക്ഷ്യമാക്കിയാണ് കൊച്ചിയിലെത്തിയത്. എന്നാൽ എഫ്സി ഗോവയെ ഞെട്ടിക്കുന്ന തിരിച്ചുവരവിലൂടെ സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം ടീമായ കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്ന് പോയിന്റ്കൾ സ്വന്തമാക്കി.

വളരെയധികം ആവേശത്തോടെ അരങ്ങേറിയ മത്സരത്തിന്റെഏഴാം മിനിറ്റിലെ ബോർജസിന്റെ ഗോളിലൂടെ ഗോവ മത്സരത്തിന് തുടക്കം കുറിച്ചപ്പോൾ പതിനേഴാം മിനിറ്റിൽ യാസിർ നേടുന്ന ഗോളിലൂടെ എഫ്സി ഗോവ ലീഡ് രണ്ടായി ഉയർത്തി. ആദ്യപകുതി കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് രണ്ട് ഗോളിന് ലീഡിൽ സന്തോഷത്തോടെ അവസാനിപ്പിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ എഫ്സി ഗോവ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് മുന്നിൽ കീഴടങ്ങി.

51 മിനിറ്റിൽ ജാപ്പനീസ് താരമായ സകായി നേടുന്ന തകർപ്പൻ ഫ്രീകിക്കിലൂടെ ഒരു ഗോൾ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്സ് 81 മിനിറ്റിൽ സൂപ്പർ താരമായ ദിമിത്രിയോസ് നേടുന്ന പെനാൽറ്റി ഗോളിലൂടെ സമനില സ്വന്തമാക്കി. സമനില സ്വന്തമാക്കിയതിന് പിന്നാലെ 84 മിനിറ്റിൽ മത്സരത്തിൽ തന്നെ രണ്ടാമത്തെ ഗോൾ നേടിയ ഗ്രീക്ക് സൂപ്പർ താരം ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. മാത്രമല്ല 88 മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ ഫെഡോർ നേടുന്ന ഗോളിന് അസിസ്റ്റ് നൽകിയ ദിമിത്രിയോസ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരം രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ചതോടെ പോയിന്റ് ടേബിളിൽ 29 പോയിന്റ് നേടി നാലാം സ്ഥാനത്തേക്കു വരുവാനും കേരള ബ്ലാസ്റ്റേഴ്സിനായി.

Rate this post