കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അൺഫോളോ ക്യാമ്പയിൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന്റെ പ്ലേ ഓഫ് പോരാട്ടത്തിൽ നാടകീയ രം​ഗങ്ങൾ ആയിരുന്നു അരങ്ങേറിയത്. ഇന്ത്യൻ ഫുട്ബോൾ ഇതുവരെ കാണാത്ത രംഗങ്ങളാണ് ബംഗളുരുവിൽ കാണാൻ സാധിച്ചത്.റെഫറിയുടെ തെറ്റായ തീരുമാനത്തിൽ ബെം​ഗളുരുവിന് ഗോൾ അനുവദിച്ചതിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം മത്സരം പൂർത്തിയാക്കാതെ ​ടീമിനെ തിരിച്ചുവിളിച്ചാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പ്രതികരിച്ചത്.

മത്സരത്തിൽ ബംഗളൂരു എഫ്സിയെ വിജയിച്ചതായി പ്രഖ്യാപിക്കുകയും അവർ സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ചേത്രി നേടിയത് ഗോളാണോ അല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ മുറുകുകയാണ്.വിവാദ റഫറീയിങ്ങിനും ഗോളിനും പിന്നാലെ ഐഎസ്എല്ലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ് ആരാധകർ.ഐഎസ്എല്ലിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ഇടിവുണ്ടായി.

16 ലക്ഷം ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ടിനിപ്പോള്‍ 15 ലക്ഷം ഫോളോവേഴ്സ് മാത്രമേയുള്ളൂ. ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സിനെ ഇന്ത്യൻ സൂപ്പർ ലീഗിന് ഇപ്പോൾ നഷ്ടമായി കഴിഞ്ഞു. മോശം റഫറിയിങ്ങിന്റെ കാര്യത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിനെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകരിൽ നിന്നും ഉയരുന്നത്.ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അൺഫോളോ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു.

അതേസമയം തന്നെ മത്സരം പൂർത്തിയാക്കാതെ കളം വിട്ടതോടെ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമെന്നത് ഉറപ്പാണ്. ടീമിനുള്ള വിലക്ക് വരെ നടപടികൾ നീങ്ങാമെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് സൂചന.വലിയ തുകയുടെ പിഴ അല്ലെങ്കിൽ പോയിന്റ് വെട്ടിക്കുറയ്ക്കൽ എന്നിവയാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.

Rate this post