ഒഡിഷയിൽ നിന്നും കിടിലൻ യുവ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ നിരാശാജനകമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ബംഗളുരുവിനെതിരെയുള്ള വിവാദ എലിമിനേറ്റർ മത്സരത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ സീസൺ അവസാനിക്കുകയും ചെയ്തു. സീസൺ അവസാനിച്ചതോടെ നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്സിനോട് വിട പറയുകയും ചെയ്തു.

അടുത്ത സീസണിൽ കൂടുതൽ മികച്ച യുവ താരങ്ങളെ ടീമിലെത്തിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.പ്രതിരോധത്തിൽ കൂടുതൽ ശക്തി പകരാനായി ഒഡിഷ എഫ്സിയുടെ യുവ ഇന്ത്യൻ താരമായ ശുഭം സാരംഗിയെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.ശുഭം സാരംഗിയുടെ കരാർ ഈ സമ്മറിൽ അവസാനിക്കുന്നതിനാൽ സൗജന്യ ട്രാൻസ്ഫറിനായി ചർച്ചകൾ നടത്തിവരികയാണ്‌.

ഹർമൻജോത് ഖബ്രയും ജെസൽ കാർനെറോയും ക്ലബ് വിട്ടതും നിഷു കുമാറിന്റെ ഭാവി അനിശ്ചിതത്വത്തിലായതുമാണ് ക്ലബ് പുതിയ ഫുൾ ബാക്കിനെ സൈൻ ചെയ്യാൻ ശ്രമിക്കുന്നത്.വിങ് ബാക്ക് പൊസിഷനുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി യുവ താരങ്ങൾക്ക് വേണ്ടി വല വിരിച്ച ബ്ലാസ്റ്റേഴ്സിന് ഒഡിഷക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന ശുഭം സാരംഗിയുടെ സാന്നിധ്യം ഗുണമേകും.

2018-ൽ ഡൽഹി ഡൈനാമോസിൽ ചേരുന്നതിന് മുമ്പ് എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിൽ നിന്നാണ് 22-കാരൻ തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. രണ്ട് സീസണുകളിൽ ഡൽഹിക്കായി കളിച്ചതിന് ശേഷം 2020-ൽ ഒഡീഷ എഫ്‌സിയിൽ ചേർന്ന സാരംഗി അന്നുമുതൽ അവരുടെ പ്രധാന കളിക്കാരനാണ്. ഡൽഹിക്കും ഒഡീഷയ്ക്കും വേണ്ടി 50-ലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.