‘ഈ സീസണിലൊരിക്കലും മുഴുവൻ സ്ക്വാഡുമായി കളിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല’ : സീസണിലെ മൂന്നാം തോല്‍വിയുടെ കാരണം പറഞ്ഞ് ഇവാൻ വുകോമനോവിച്ച് |Kerala Blasters

ഇന്നലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒഡീഷ എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.ആദ്യപകുതിയില്‍ ദിമിത്രിയോസ് ഡയമന്റകോസിലൂടെ ലീഡെടുത്ത ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളില്‍ തോൽവി സമ്മതിച്ചു.സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങുന്ന മൂന്നാം തോല്‍വിയാണിത്.

ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനെ മൂന്നാമതാക്കി ഒഡിഷ രണ്ടാം സ്ഥാനത്തെത്തി. 13 മത്സരങ്ങളിൽ നിന്ന് ഒഡിഷക്ക് 27ഉം ബ്ലാസ്റ്റേഴ്സിന് 26 ഉം പോയിന്റാണുള്ളത്. മത്സര ശേഷം തോൽവിയെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സംസാരിച്ചിരിക്കുകയാണ്. “മത്സരത്തിലെ ആദ്യ പകുതിയിലെ ഗോളിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്, സീസണിന്റെ തുടക്കത്തിൽ ഇല്ലാതിരുന്ന സ്‌ക്വാഡിലെ പല യുവതാരങ്ങളും ഞങ്ങളുടെ ആദ്യ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.പല താരങ്ങളും പരിക്കേറ്റ് പുറത്തായ ഈ വേളയിൽ അവർ മികച്ച പ്രകടനം ടീമിനായി കാഴ്ചവക്കുന്നു. ഇതുപോലുള്ള മത്സരങ്ങളിൽ അവസാനം വിജയിക്കണമെങ്കിൽ ചില നിമിഷങ്ങളിൽ നന്നായി പ്രതികരിക്കാനും പക്വതയും മികച്ച ഗുണനിലവാരവും ആവശ്യമാണ്.” വുകോമനോവിച്ച് പറഞ്ഞു.

‘സ്ഥിരതയോടെ മുന്നേറുന്ന മുഴുവൻ ടീമുകൾക്കെതിരെ കളിക്കുമ്പോൾ, ഈ സീസണിലൊരിക്കലും മുഴുവൻ സ്ക്വാഡുമായി കളിയ്ക്കാൻ സാധിക്കാത്ത ടീമെന്ന നിലയിൽ ഞങ്ങൾക്കത് കഠിനമാണ്. ഇനിയൊരിക്കലും ഒരു മത്സരത്തിലും എല്ലാവരെയും ഈ സീസണിൽ ഞങ്ങൾക്ക് ലഭ്യമാകില്ല’ ഇവാൻ കൂട്ടിച്ചേർത്തു.

“കളി തോറ്റതിൽ ഞങ്ങൾ ദുഖിതരാണ് , വളരെ ചെറിയ കാര്യങ്ങൾക്കാണ് ഞങ്ങൾക്ക് വില കൊടുക്കേണ്ടി വന്നത്. ചെറിയ പിഴവുകളാണ് ഞങ്ങൾ വരുത്തിവെച്ചത്. ഒഡീഷയെ പോലെയുള്ള ടീമുകൾക്കെതിരെ ഇത്തരം പിഴവുകളാണ് വ്യത്യാസങ്ങൾ സൃഷ്ടിക്കുക. മറ്റു ചില ടീമുകൾക്കെതിരെയാണെങ്കിൽ ഇത് പ്രശ്നമാകില്ല. പക്ഷേ ഒഡീഷയെ പോലെയുള്ള ടീമുകൾക്കെതിരെ ഇതിന് വില കൊടുക്കേണ്ടി വരും. രണ്ടാം പകുതിയിൽ റെഡിയാവാത്ത ചില പുതിയ താരങ്ങളെ ഞങ്ങൾക്ക് കളിപ്പിക്കേണ്ടി വന്നു.യുവതാരങ്ങളുമായും മറ്റ് കളിക്കാരുമായും കോമ്പിനേഷനുകൾ. ഞങ്ങൾക്ക് തുടരണം” ഇവാൻ പറഞ്ഞു.

ഭുവനേശ്വറില്‍ നടന്ന മത്സരത്തിന്റെ 11-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. മലയാളി താരം നിഹാലിന്റെ അസിസ്റ്റില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസാണ് ആദ്യ ഗോള്‍ നേടിയത്. ഒരു ഗോളിന്റെ ലീഡുമായി ബ്ലാസ്റ്റേഴ്സ് ഒന്നാം പകുതി പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ കൈവിട്ടു. 53ാം മിനിറ്റിൽ റോയ് കൃഷ്ണ ഒഡിഷക്ക് വേണ്ടി ഹെഡറിലൂടെ സമനില ഗോൾ നേടി. അഞ്ചു മിനിറ്റികം മറ്റൊരു തകർപ്പൻ ഹെഡറിലൂടെ റോയ് കൃഷ്ണ ഒഡീഷയെ വിജയത്തിലെത്തിച്ചു.

Rate this post