“ഗോവയെ മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് , ലക്ഷ്യം ഒന്നാം സ്ഥാനം “

അവസാന ഏഴുകളിയിൽ തോൽവിയറിയാതെ കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയ്‌ക്കെതിരെ ഇറങ്ങും . ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കം. പുതുവർഷത്തിൽ ഗംഭീരജയംതന്നെയാണ് ലക്ഷ്യം.എട്ട് മത്സരങ്ങളിൽ 13 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലീഗ് പട്ടികയിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാമത് ഉള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്താം.

ഫോമിൽ ഇല്ലാത്ത ഗോവയെ മൂന്ന് ഗോൾ വ്യത്യാസത്തിൽ തോൽപ്പിക്കുക ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താം.മധ്യനിരയിലും മുന്നേറ്റത്തിലും തകർപ്പൻ പ്രകടനമാണ് ഇവാൻ വുകോമനോവിച്ചിന്റേത്. മധ്യനിരയിൽ ജീക്സൺ സിങ്–പുയ്ട്ടിയ സഖ്യം സ്ഥിരതയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഇവർ ഒരുപോലെ ശോഭിക്കുന്നു.സഹൽ അബ്ദുൾ സമദിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഊർജം. ഒപ്പം അൽവാരോ വാസ്കസും ജോർജ് ഡയസും ചേരുമ്പോൾ മുന്നേറ്റത്തിന് മൂർച്ച കൂടും. കളി മെനയാൻ അഡ്രിയാൻ ലൂണയുമുണ്ട്.

അവസാന കളിയിൽ ജംഷഡ്പുർ എഫ്സിയുമായി സമനിലയിൽ പിരിയുകയായിരുന്നു. സഹലിന്റെ ഗോളിലാണ് സമനില നേടിയത്.ഗോവയ്ക്ക് ഇക്കുറി തിരിച്ചടിയാണ്. എട്ട് കളിയിൽ ജയിച്ചത് രണ്ടിൽമാത്രം. നാല് തോൽവി. 16 ഗോൾ വഴങ്ങി.’എല്ലാ മത്സരവും ഞങ്ങൾക്ക് ഫൈനൽ പോലെയാണ്. കഴിഞ്ഞ തവണ പിന്നിൽ നിന്ന് രണ്ടാമതാണ് ഫിനിഷ് ചെയ്തത്. ഈ തവണ നേടിയ ഓരോ ജയവും കൂടുതൽ വിനയത്തോടെ സ്വീകരിക്കാനാണ് ശ്രമിക്കുന്നത്’. ഇന്നത്തെ മത്സരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കുമനോവിച്ച് പറഞ്ഞ മറുപടിയാണിത് അത്കൊണ്ട് തന്നെ ജയം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യവും.

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനെതിരെ വ്യക്തമായ ആധിപത്യമുണ്ട് ഗോവക്ക് . 14 മത്സരങ്ങളിൽ ഒന്‍പത് ജയവും ഗോവയ്‌ക്ക് ഒപ്പമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മൂന്ന് ജയം സ്വന്തമാക്കിയപ്പോൾ രണ്ട് കളി സമനിലയിലായി. 34 ഗോളുകൾ ഗോവ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് അടിച്ചത് 17 ഗോൾ മാത്രമെന്നതും കണക്കുകളിലെ വ്യത്യാസം അടിവരയിടുന്നു.

Rate this post