ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വിവാദങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ബംഗളുരു കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ട് പോരാട്ടം. സുനിൽ ഛേത്രിയുടെ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം മുഴുവനാക്കാതെ കളം വിട്ടിരുന്നു. ഇതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഉപരോധം സംബന്ധിച്ച് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി തീരുമാനമെടുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആവശ്യങ്ങളും തള്ളിക്കളയുകയും ചെയ്തിരുന്നു.പലവിധ അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും ഈ വിഷയത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്. വിവാദ ഗോളിൽ പ്രതിഷേധിച്ചു തന്റെ കളിക്കാരെയും വിളിച്ചു കളംവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പൂർണ്ണ പിന്തുണയുമായി ആരാധക കൂട്ടായ്മ ‘മഞ്ഞപ്പട’ രംഗത്ത്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് പരിശീലകനൊപ്പം ഉറച്ചു നിൽക്കാൻ ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടുകൊണ്ട് മഞ്ഞപ്പട എത്തിയത്.
“വളരെയധികം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയത്. മുൻപോട്ട് പോകുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ ഇപ്പോഴും ഞങ്ങൾ അടിവരയിട്ട് പറയുന്നു, ഞങ്ങൾ പൂർണമായും കോച്ചിനെ പിന്തുണക്കുന്നു. തിരികെ കേരളത്തിലെത്തിയ അദ്ദേഹത്തിന് കിട്ടിയ സ്വീകരണം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.ഐ.എസ്.എല്ലിലെ ഏറ്റവും പ്രാഫഷണൽ കോച്ചുമാരിൽ ഒരാളായ ഇവാൻ എടുത്ത തീരുമാനം കേവലം അന്നു നടന്ന സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ അനേകം തെറ്റായ തീരുമാനങ്ങൾക്കെതിരെയാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്.
റഫറി ക്രിസ്റ്റൽ ജോൺ ആ സന്ദർഭം ശരിയായി കൈകാര്യം ചെയ്യേണ്ടതായിരുന്നു. ഈ സംഭവം അന്വേഷിച്ച Aiff കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഏക ഫുട്ബോളർക്ക് ഗോൾ നിലനിൽക്കില്ല എന്ന് തോന്നിയത്, മറ്റു നാലു പേർക്കും അങ്ങനെ തോന്നാതിരുന്നതും ഇതോടൊപ്പം കൂട്ടിചേർത്ത് വായിക്കേണ്ടതാണ്.കഴിഞ്ഞ കുറെ വർഷങ്ങളായി ഐഎസ്എല്ലിലെ ടീമുകൾ റഫറിമാരുടെ ഇത്തരം തെറ്റായ തീരുമാനങ്ങൾ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അനവധി കോച്ചുകൾ അത് ചൂണ്ടികാണിച്ചിട്ടുമുണ്ട്.കനത്ത ഇത്തരമൊരു സംഭവം തെറ്റുകൾക്ക് തിരിച്ചടികൾ ഏറ്റുവാങ്ങി വരുമെന്ന് അറിയാമെങ്കിലും ഇത്തരാമൊരു സംഭവം തെറ്റുകൾക്ക് അറുതിവരുത്തുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
#Manjappada #KBFC#ISL #ISLRefereeing pic.twitter.com/eXsFeebduc
— Manjappada (@kbfc_manjappada) March 10, 2023
ക്ലബിന് വേണ്ടിയാണ് ഇവാൻ ഇത്തരമൊരു പ്രവർത്തി ചെയ്തത്, ആയതിനാൽ അദ്ദേഹം തന്നെ ക്ലബ്ബിന്റെ അമരത്തിൽ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി ക്ലബ് അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒപ്പം അദ്ദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങൾക്കൊന്നും ഞങ്ങൾ കൂടെയുണ്ടാകില്ല എന്നും അതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല എന്നും അറിയിക്കുന്നു.റഫറികളുടെ നിലവാരം ഉയർത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബ്ബുകളുമെല്ലാം ആവശ്യത്തിൽ കൂടുതൽ അനുഭവിച്ചുകഴിഞ്ഞു. ലീഗിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മൊത്തത്തിൽ അഴിച്ചുപണി നടത്തേണ്ടിയിരിക്കുന്നു” ഇതായിരുന്നു മഞ്ഞപ്പടയുടെ പ്രസ്താവന.