നോർത്ത് ഈസ്റ്റിനെതിരെയുള്ള വിജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടു ഗോളിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ദിമിട്രിയോസ് ഡയമന്റകോസിന്റെ ഇരട്ടഗോളിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 2-0ന് അനായാസ ജയം നേടിയത്.

ഈ വിജയത്തോടെ അവർ ഐഎസ്എൽ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കുന്നതിന്റെ അടുത്തെത്തുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ ഒമ്പത് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഡയമന്റകോസ് നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വസ്, ജോർജ്ജ് പെരേര ഡയസ് എന്നിവരിൽ രണ്ട് പ്രധാന കളിക്കാരെ മഞ്ഞപ്പടയ്ക്ക് നഷ്ടപ്പെട്ടതിന് ശേഷം ഗ്രീക്ക് മികച്ച റിക്രൂട്ട്‌മെന്റാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വിജയത്തോടെ എടികെ മോഹൻ ബഗാനെയും എഫ്‌സി ഗോവയെയും പിന്തള്ളി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ഏഴ് പോയിന്റും ഒന്നാം സ്ഥാനത്തുള്ള മുംബൈയിൽ നിന്നും 14 പോയിന്റ് അകലെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.സീസണിലെ അവസാന അഞ്ചു മത്സരങ്ങളിലേക് കളടക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിൽ കടക്കും എന്ന് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെയാണ് മഞ്ഞപ്പട അടുത്തതായി നേരിടുന്നത്, അവിടെയുള്ള വിജയം അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വൻതോതിൽ ഉയർത്തും. എന്നാൽ എവേ മത്സരങ്ങളിലെ മോശം ഫോം ഇവാൻ വുകൊമാനോവിച്ചിന്റെ ടീമിനെ ആശങ്കപ്പെടുത്തുന്നു. അതേസമയം, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി തുടർച്ചയായ രണ്ടാം തോൽവിയിലേക്കും സീസണിലെ 14-ാം തോൽവിയിലേക്കും കൂപ്പുകുത്തി. നഷ്ടപ്പെട്ടുപോയ അഭിമാനം വീണ്ടെടുക്കാൻ മാത്രമാണ് അവർ ഇനിയുള്ള മത്സരങ്ങൾ കളിക്കുക.

മാറ്റങ്ങളുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്. ടീമിലെ പതിവ് ഗോൾകീപ്പർക്കു പകരം കരൺജിത് സിങ് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കാക്കനായി ഇറങ്ങി. സഹൽ അബ്ദുൾ സമദും പരിക്ക് ഭേദമായി തിരിച്ചെത്തിയ മാർക്കോ ലെസ്‌കോവിച്ചും ടീമിലിടം നേടിയില്ല. ബ്രൈസ് മിറാൻഡ ടീമിൽ ഇടം നേടി.നാല്പത്തിരണ്ടാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ബ്രൈസ് മിറാൻഡയുടെ ക്രോസിൽ ദിമിട്രിയോസ് ഡയമന്റകോസിന്റെ ഹെഡ്ഡെർ വലയിൽ കയറുകയായിരുന്നു.

വെറും രണ്ടു മിനിറ്റിനുള്ളിൽ മത്സരത്തിന്റെ നാല്പത്തിനാലാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. അഡ്രിയൻ ലൂണയുടെ ത്രൂ ബോളിൽ ദിമിത്രിയോസിന്റെ ഷോട്ട് വലയുടെ ഇടതുമൂല തുളച്ചു. രണ്ടാം പകുതിയിൽ മറ്റൊരു ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. ഇഞ്ചുറി ടൈമും അവസാനിച്ച് ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.മത്സരത്തിൽ ദിമിട്രിയോസ് ഡയമന്റകോസ് ഹീറോ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി.

Rate this post