പ്രശസ്ത സ്പോർട്സ് എഴുത്തുകാരനായ തോമസ് പാട്രിക് ഗോർമൻ പിന്നീട് ഒരു ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു.ടീം ഒരു ഗോളിന് മുന്നിൽ നിൽക്കുബോൾ കളിക്കുന്ന പ്രതിരോധ ഗെയിം പലപ്പോഴും അപകടകരമാകുമെന്ന് തോന്നിയ പരിശീലകൻ ഒരു ബദൽ മാർഗം ചിന്തിച്ചു. ഇങ്ങോട്ട് ആക്രമിക്കാൻ വരുമ്പോൾ തിരിച്ചും ആക്രമിക്കുക. പാട്രിക് ഇത് കളിക്കാരോട് പറയുകയും,പന്തിന് മേൽ മധ്യനിരയും പ്രതിരോധനിരയും ചെലുത്തിയ നിരന്തര സമ്മർദ്ദം മുന്നേറ്റ നിരയിലേക്ക് പന്ത് എത്തിക്കാൻ കാരണം ആവുകയും ഇത് ടീമിനെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്തു. പാട്രിക് എന്ന ഐസ് ഹോക്കി പരിശീലകൻ ഈ തന്ത്രത്തെ ” ‘ഫോർ ചെക്കിംഗ്” എന്ന് വിളിച്ചു . പാട്രിക് വികസിപ്പിച്ച തന്ത്രം ഇന്ന് 80 വർഷങ്ങൾക്ക് ശേഷം “പ്രെസ്സിങ് ഗെയിം”എന്ന രീതിയിൽ ഫുട്ബോൾ ലോകത്ത് പ്രശസ്തമായത് .
ഇന്ന് ലോകം മുഴുവനുള്ള പല പ്രശസ്തരായ പരിശീലകരും ഇഷ്ട്ടപെടുന്ന ഈ പ്രസിംഗ് ഗെയിമിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ വരെയെത്തിയത്.സിംഹത്തെ അതിന്റെ മടയിൽ ചെന്ന് ആക്രമിക്കുന്നതിനു സമാനമാണ് ഹൈ പ്രസ് തന്ത്രം .വിദേശതാരങ്ങൾ നയിക്കുന്ന മൂർച്ചയുള്ള നീക്കങ്ങളും സെറ്റ്പീസിന്റെ കരുത്തുമായെത്തിയ പല വമ്പൻ ടീമുകളെയും ഹൈ പ്രസിംഗ് ഗെയിം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് നേരിട്ടത്.
പ്രതിരോധനിരയും, മധ്യനിരയും ഇരമ്പിയാർത്ത് കയറിയപ്പോൾ എതിർ ടീമിന്റെ മുന്നേറ്റം മുളയിലെ നുള്ളാൻ ടീമിനായി.പ്രതിരോധത്തിൽ ഒരു വിള്ളലും തെളിയാത്തവിധം ആളെത്തുമെന്നു ഉറപ്പാക്കിയായിരുന്നു സെന്റർ ബാക്കുകളുടെ കയറികളിച്ചത്. അവർ നീക്കങ്ങൾ തുടങ്ങും മുൻപേ പന്തു പിടിച്ചെടുത്തുള്ള കടന്നാക്രമണമാണു കോച്ച് അവതരിപ്പിച്ചത്. ഈ പൂട്ട് പൊളിച്ച് അകത്ത് കയറാൻ എതിരാളികൾ ശ്രമിച്ചപ്പോൾ ലൂണ ഉൾപ്പടെയുള്ളവർ പ്രതിരോധത്തെ സഹായിക്കാൻ വന്നത് കോച്ച് എത്രയേറെ ഗൃഹപാഠം ചെയ്തു എന്നതിന്റെ തെളിവാണ്.
എതിർ ബോക്സിൽ എത്രത്തോളം മുന്നോട്ടുചെന്നു പന്ത് പിടിക്കാമോ അത്രത്തോളം നല്ലതെന്നാണു ഹൈ പ്രസിങ് ഗെയിമിന്റെ രീതി. കളിയുടെ ആദ്യ മിനിറ്റ് ബ്ലാസ്റ്റേഴ്സ് ടീമിലെ താരങ്ങൾ എല്ലാം ഈ ശൈലിയുടെ രീതി പോലെ മൈതാനത്ത് കൂടി കുതിച്ചപ്പോൾ മികച്ച ഫുട്ബോൾ കളിച്ചെത്തിയ പല ടീമുകൾക്കും കേരള ടീമിന് മുന്നിൽ അടിപതറി. പ്രതിരോധം തുടങ്ങുന്നതുതന്നെ മുന്നേറ്റനിരയിലെന്ന മട്ടിലാകും ഹൈ പ്രസിങ് ടീമുകളിലെ ഫോർവേഡുകളുടെ മനോഭാവം. ഈ മനോഭാവത്തിന്റെ സാക്ഷ്യമാണ് പന്ത് വരുമെന്ന് പ്രതീക്ഷിച്ച് മുന്നേറ്റനിര താരങ്ങൾ നടത്തിയ മികച്ച റണ്ണുകൾ.
സെമി ഫൈനലിലും ഈ വിജയതന്ത്രം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആറു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്സ് സെമിയിൽ സ്ഥാനം നേടിയത്. ഇത് പരിശീലകൻ വുക്കൊമനോവിച്ച് ഒരുക്കിയെടുതെ തന്ത്രങ്ങളുടെ ഫലം തന്നെയാണ്. പരിശീലകനറെ ശൈലിക്കനുസരിച്ച് താരങ്ങൾ ഉയർന്നു വന്നതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ദീർഘകാലത്തെ സ്വപ്നമായ കിരീടം പ്രതീക്ഷിക്കാം.