പുതിയ പരിശീലകന് കീഴിൽ സൂപ്പർ കപ്പിൽ പോരാടാനുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഹീറോ സൂപ്പർ കപ്പിന് ഇന്ന് തുടക്കമാവും.ആദ്യ യോഗ്യതാ റൗണ്ട് മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് നെറോകയെ നേരിടും.ഏപ്രിൽ 25നാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്.2018ലും 2019ലും രണ്ട് തവണ മാത്രമേ ടൂർണമെന്റ് നടന്നിട്ടുള്ളൂ.

ഭുവനേശ്വറിൽ നടന്ന ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ 4-1ന് തോൽപ്പിച്ച് ബെംഗളൂരു എഫ്‌സിയാണ് ഉദ്ഘാടന ജേതാക്കളായത്. അടുത്ത വർഷം എഫ്‌സി ഗോവ ഫൈനലിൽ ചെന്നൈയിൻ എഫ്‌സിയെ 2-1ന് തോൽപിച്ചു.യാദൃശ്ചികമായി ആ വർഷങ്ങളിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബെംഗളൂരുവും ഗോവയും തോറ്റിരുന്നു.11 ഐ‌എസ്‌എൽ ക്ലബ്ബുകൾക്കും ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിനും ഗ്രൂപ്പ് ഘട്ടങ്ങളിലേക്ക് നേരിട്ട് പ്രവേശനമുണ്ട്, അവിടെ അവർക്കൊപ്പം ഒമ്പത് ഐ-ലീഗ് ക്ലബ്ബുകളിൽ നിന്നുള്ള മറ്റ് നാല് ടീമുകളും മത്സരിക്കും. ഐ-ലീഗിലെ ഏറ്റവും താഴെയുള്ള രണ്ട് ക്ലബ്ബുകളായ കെങ്ക്രെ എഫ്‌സിയും സുദേവ ഡൽഹിയും സൂപ്പർ കപ്പിൽ മത്സരിക്കില്ല.

ഈ വർഷത്തെ ടൂർണമെന്റ് കേരളത്തിൽ നടക്കുമെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരങ്ങൾക്കൊന്നും വേദിയാകില്ല. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയവും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവുമാണ് ആതിഥേയത്വം വഹിക്കുന്നത്.സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എ യില്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ബംഗളൂരു എഫ് സിയും ഗ്രൂപ്പ് എ യില്‍ ആണെന്നതാണ് ശ്രദ്ധേയം. 2022 – 2023 സീസണ്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗ്രൂപ്പ് എ യിലെ മറ്റൊരു ടീം.യോഗ്യതാ റൗണ്ട് കടന്ന് എത്തുന്ന ഒരു ടീമും ഗ്രൂപ്പ് എ യില്‍ ചേരും. ഏപ്രില്‍ എട്ടിന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് എതിരേ ആണ് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഗ്രൂപ്പ് എ യില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ആദ്യ മത്സരം. ഏപ്രില്‍ 16 ന് ആണ് ബംഗളൂരു എഫ് സി x കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആവേശ പോരാട്ടം.

പരിശീലകൻ ഇവാൻ വുകമനോവിച്ചിന് വിലക്ക് നേരിട്ടത് കൊണ്ട് അസിസ്റ്റന്റെ പരിശീലകന്‍ ആയ ഇഷ്ഫാഖ് അഹമ്മദ് ആയിരിക്കും ബ്ലാസ്‌റ്റേഴ്‌സിനെ നിയന്തിക്കുക.ഇവാന്‍ വുകോമനോവിച്ചിന് 10 മത്സരങ്ങളില്‍ വിലക്ക് ഉണ്ട്.ഒരുകാലത്ത് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിച്ച താരമാണ് ഇഷ്ഫാഖ്.ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉദ്ഘാടന ഫൈനലിൽ ഇഷ്ഫാഖ് അഹമ്മദ് കളിച്ചു.2014ലാണ് ഇഷ്ഫാഖ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.ശ്രീനഗർ സ്വദേശിയായ ഇഷ്ഫാഖ് അന്ന് മഞ്ഞപ്പടയുടെ സെൻട്രൽ മിഡ്ഫീൽഡറായിരുന്നു.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് ഇഷ്ഫാഖ്. കളിക്കാരനായും പരിശീലകനായും ഇഷ്ഫാഖിന്റെ ഐഎസ്എൽ ഒൻപതാം സീസണാണിത്. 2015ൽ ഇഷ്ഫാഖ് പരിശീലകന്റെ കുപ്പായം ധരിച്ചിരുന്നു.അതും ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ചായി തുടങ്ങിയതാണ്. 2017-2018 സീസണിൽ ജംഷഡ്പൂർ എഫ്‌സിയിൽ ചേർന്ന അദ്ദേഹം അവിടെ അസിസ്റ്റന്റ് കോച്ചും ആയിരുന്നു. 2019-ൽ അദ്ദേഹം മഞ്ഞപ്പടയിൽ തിരിച്ചെത്തി . 2021ൽ കിബു വികുനയെ പുറത്താക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ തന്നെ ഇഷ്ഫാഖ് അഹമ്മദ് താൽക്കാലിക പരിശീലകനായി ചുമതലയേറ്റു.

2014ൽ കൊൽക്കത്തയിലെ മുഹമ്മദൻസ് ക്ലബിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ മിഡ്ഫീൽഡറായി ഇഷ്ഫാഖ് ബ്ലാസ്റ്റേഴ്സിൽ ചേർന്നു. 2017 വരെ ബ്ലാസ്റ്റേഴ്സിനായി ഇഷ്ഫാഖ് 25 മത്സരങ്ങൾ കളിച്ചു.2015ൽ കളിക്കാരനായിരുന്നപ്പോൾ സഹപരിശീലകന്റെ റോളും ഇഷ്ഫാഖിന് ഉണ്ടായിരുന്നു. സ്റ്റീവ് കോപ്പൽ, റെനെ മ്യൂൾസ്റ്റീൻ, ഡേവിഡ് ജെയിംസ്, എൽകോ ഷത്തുരി, കിബു വികുന എന്നിവരുൾപ്പെടെ ഒമ്പത് പരിശീലകരോടൊപ്പം ഇഷ്ഫാഖ് പ്രവർത്തിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിൽ ഇഷ്ഫാഖിനൊപ്പം ജോലി ചെയ്യുന്ന പത്താമത്തെ പരിശീലകനാണ് ഇവാൻ വുകൊമാനോവിച്ച്.

വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യില്‍ എത്തുന്നതിനു മുമ്പ് രണ്ട് മത്സരത്തില്‍ ഇഷ്ഫാഖ് അഹമ്മദ് ഇടക്കാല പരിശീലകനും ആയിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ ആയിരുന്നു ഇഷ്ഫാഖ് അഹമ്മദിന്റെ ശിക്ഷണത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി രണ്ട് മത്സരം കളിച്ചത്.

Rate this post
Kerala Blasters