പ്ലെ ഓഫിൽ പുറത്തായെങ്കിലും തലയുയർത്തിപ്പിടിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിനോട് വിട പറയുന്നത് | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ പ്ലേ ഓഫിൽ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത് പോയിരിക്കുകയാണ്.87 ആം മിനുട്ട് വരെ മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോൾ വഴങ്ങി പരാജയപ്പെട്ടത്.നിശ്ചിത സമയത്ത് 1-1 സമനിലയിലായതിനെത്തുടർന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തിലാണു കേരളത്തിന്‍റെ തൽവി. അവസാന നിമിഷങ്ങളിലെ ചെറിയ പിഴവുകളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തീർച്ചടിയായത്.
ഒരുപാട് വർഷങ്ങളായി ഒരു കിരീടം ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശയാണ് നൽകിയതെങ്കിലും ടീമിന്റെ പ്രകടനത്തിൽ നിരാശപ്പെടേണ്ട യാതൊരു കാര്യവുമില്ല. മത്സരത്തിൽ മുഴുവൻ കരുത്തോടെ എത്തിയ ഒഡിഷക്കെതിരെ ഒരുപാട് പരിമിതികളുടെ ഇടയിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.തിരിച്ചടികൾ ഉണ്ടായിട്ടും അതൊന്നും പ്ലേ ഓഫിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിച്ചില്ല. മത്സരത്തിൽ തുടക്കം മുതൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.
മികച്ച അവസരങ്ങൾ ലഭിച്ച അവർക്ക് അത് കൃത്യമായി മുതലാക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷെ ടീമിലെ താരങ്ങളെല്ലാം ലഭ്യമായിരുന്നെങ്കിൽ പ്ലേ ഓഫിൽ ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികൾ വിജയം കാണുമായിരുന്നു. എന്നാൽ സീസണിന്റെ തുടക്കം മുതൽ സംഭവിച്ച തിരിച്ചടികൾ ക്ലബ്ബിനെ വലിയ രീതിയിൽ തന്നെ ബാധിച്ചു. എങ്കിലും അതിനെയെല്ലാം മറികടന്ന് ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തി .ഈ സീസണിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ആദ്യഘട്ടത്തിൽ പുറത്തെടുത്തത്. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ പിന്നീട് ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തുകയായിരുന്നു.
മാത്രമല്ല പരിക്കുകൾ പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ അലട്ടുകയും ചെയ്തിരുന്നു. ലൂണ,പെപ്ര,ദിമി എന്നിവരുടെ പരിക്കുകളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടി ഏൽപ്പിച്ചിരുന്നത്. “പരിക്കുകൾ കാരണം ഈ സീസണിൽ ഞങ്ങൾക്ക് നാല് തവണയാണ് ടീമിനെ റീ ബിൽഡ് ചെയ്യേണ്ടിവന്നത്. ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു മൊമെന്റത്തിലേക്ക് എത്തുമ്പോൾ,ഒന്നോ രണ്ടോ പ്രധാനപ്പെട്ട താരങ്ങളെ ഞങ്ങൾക്ക് നഷ്ടമാകും.അതോടെ നമ്മുടെ സ്ട്രാറ്റജിയിൽ മാറ്റം വരുത്തേണ്ടി വരും.ഈ പരുക്കുകൾ കാരണം ക്വാളിറ്റിയിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പരിശീലകൻ എന്ന നിലയിൽ ഇത് വളരെ വലിയ വെല്ലുവിളിയായിരുന്നു” മത്സരശേഷം ഇവാൻ പറഞ്ഞ.
പരിക്കിന്റെ പിടിയിലായ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് ഇല്ലാതെ യായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫ് എലിമിനേറ്റർ മത്സരത്തിന് ഇറങ്ങിയത്. ദിമിയെ ഈ കളിയിൽ ബ്ലാസ്റ്റേഴ്സ് മിസ് ചെയ്തെന്നും തോൽവിക്ക് ശേഷം ഇവാൻ വുകോമനോവിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ദിമിക്ക് പുറമെ മധ്യനിരയിലെ സൂപ്പർ താരം ജീക്സൺ സിങ്ങും ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലായിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലും ടീമിനെ പ്ലെ ഓഫിലെത്തിച്ച പരിശീലകൻ ഇവാൻ വലിയ കയ്യടി അർഹിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നു സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിനെ പ്ലെ ഓഫിനെ നയിച്ച ഇവാനിൽ അടുത്ത സീസണിലും ക്ലബ് വിശ്വാസമർപ്പിക്കും എന്നുറപ്പാണ്. എന്നാലും മൂന്ന് സീസണുകളിലായി കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.