കേരള ബ്ലാസ്റ്റേഴ്‌സ്: ഇത് വുകമാനോവിചിന്റെ “ടാക്റ്റിക്കൽ മാസ്റ്റർ ക്ലാസ് “

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ കാലമായി ആഗ്രഹിച്ച പ്രകടനമാണ് ഇന്നലെ ഗോവയിൽ മുംബൈക്കെതിരെ പുറത്തെടുത്തത്. ശക്തരായ മുംബൈയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് മഞ്ഞപ്പട തകർത്തെറിഞ്ഞത്.പരിശീലകൻ ഇവാൻ വുകമാനോവിച് ഒരുക്കിയ തന്ത്രങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന് വിജയം കൊണ്ട് വന്നു കൊടുത്തത്.തന്റെ താരങ്ങളുടെ പ്രകടനം ഒരു കോച്ച് എന്ന നിലയിൽ തനിക്ക് അഭിമാനം നൽകുന്നു എന്ന് മത്സര ശേഷം പരിശീലകൻ പറഞ്ഞു.

ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കായി സമർപ്പിക്കുന്നു. ഈ വിജയം തുടരാൻ ആകും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷ എന്നും ഇവാൻ പറഞ്ഞു.മുംബൈ സിറ്റിക്ക് എതിരെ കൃത്യമായ പ്ലാനുകളോടെ ആയിരുന്നു ഇറങ്ങിയത്. തുടക്കം മുതൽ ടീം ധൈര്യം കാണിച്ചു. ഹൈ പ്രസ് ആയിരുന്നു ടാക്ടിക്സ്. ജാഹുവിനെയും അപുയിയയെയും പോലുള്ള താരങ്ങളെ പന്ത് അധികം ഹോൾഡ് ചെയ്യാൻ അനുവദിച്ചില്ല. എല്ലാ പദ്ധതികളും താരങ്ങൾ നടപ്പാക്കി എന്ന് ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ രണ്ടാം വിജയമാണിത്. അവസാന അഞ്ചു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല.

കളിക്കളത്തിൽ നേടിയ മൂന്ന് ​ഗോളുകളുടെ ആനുകൂല്യത്തേക്കാളുപരി ബ്ലാസ്റ്റേഴ്സ് പുലർത്തിയ ടാക്ടിക്കൽ മേധവിത്വമാണ് ഇന്ന് മുംബൈയെവീഴ്ത്താൻ സഹായിച്ചത്.പന്ത് കൈമാറാൻ മുംബൈയ്ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ മിഡ്ഫീൽഡിൽ കളിക്കാരെ നിറയ്ക്കുകയായിരുന്നു ഇവാൻ ചെയ്തത്. ജീക്സൻ സിങ്-പ്യൂയ്റ്റിയ മിഡ്ഫീൽ‍ഡ് സഖ്യത്തിനൊപ്പം വിങ്ങുകളിൽ നിന്ന് അഡ്രിയാൻ ലൂണയും സഹൽ അബ്ദുൾ സമദും കൂടിച്ചേർന്ന് മധ്യനിരയിൽ ഓവർലോഡ് സൃഷ്ടിച്ചു. ആവശ്യനേരത്ത് മുന്നേറ്റനിരയിൽ നിന്ന് അൽവാരോ വാസ്ക്വസോ,ജോർജോ പെരേയ്ര ഡയസോ കൂടി ഇറങ്ങിവന്നു. ഇതോടെ അഹമ്മദ് ജാഹു, ആപൂയ റാൾട്ടെ എന്നിവർ ചേർന്ന മുംബൈയുടെ എഞ്ചിൻ പ്രവർത്തനം നിലച്ചു.

സെന്റർ ബാക്കായി റൂയിവ ഹോർമിപാമിനേയും മുൻനിരയിൽ വാസ്ക്വസിന് പങ്കാളിയായി ഡയസിനേയും ഇറക്കിയ ഇവാന്റെ നീക്കം കൃത്യമായ ഫലം തന്നു. വാസ്ക്വസും ഡയസും ലൂണയും ചേർന്ന് ഇടതുപാർശ്വം കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതോടെ മുംബൈ പ്രതിരോധനിരയിൽ വിള്ളലുകൾ വെളിപ്പെട്ടു. മുംബൈ പ്രതിരോധനിരയുടെ വലതുഭാ​ഗത്തെ കോട്ട പൊളിച്ചുള്ള ഡയസിന്റെ നീക്കത്തിലാണ് സഹൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ​ഗോൾ നേടിയത്. ഡയസിന്റെ കരുത്തുറ്റ ശരീരവും കഠിനാധ്വാനം ചെയ്തുള്ള കളിശൈലയും മുംബൈ താരങ്ങളെ ഫൗൾ ചെയ്യാൻ പ്രേരിപ്പിച്ചു. മുംബൈ ക്യാപ്റ്റൻ മോർത്താദ ഫാൾ രണ്ട് മഞ്ഞക്കാർഡ് കണ്ടതും ഡയസിനെ ഫൗൾ ചെയ്തപ്പോഴാണ്.

ബ്ലാസ്റ്റേഴ്സിനായി ഐഎസ്എല്ലിൽ അരങ്ങേറിയ റൂയവയാകട്ടെ തുടക്കക്കാരന്റെ യാതൊരു പകപ്പുമില്ലാതെയാണ് പിൻനിരയിൽ കോട്ടകെട്ടിയത്. മുംബൈയുടെ സ്റ്റാർ സ്ട്രൈക്കർ ആം​ഗുലോയെ സമർഥമായി പൂട്ടാൻ റൂയിവയ്ക്കായി. എനെസ് സിപോവിച്ചിന്റെ അഭാവത്തിന്റെ ലെഫ്റ്റ് സെന്റർ ബാക്ക് റോളിലേക്ക് മാറിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കോട്ടയുടെ നെടുംതൂണായി നിന്നത് മാർക്കോ ലെസ്കോവിച്ചാണ്.

ഇടതുവിങ്ങറായാണ് കഴിഞ്ഞ മത്സരങ്ങളിലൊക്കെ സഹൽ കളിച്ചത്. എന്നാൽ ഈ പൊസിഷൻ സഹലിന് ചേരുന്നതല്ല എന്ന വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ മത്സരത്തിൽ വലതുവിങ്ങിലാണ് സഹൽ കളിച്ചത്. ഒരു തകർപ്പൻ ​ഗോൾ നേടിയ സഹൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളിലൊക്കെ ശ്രദ്ധേയ പങ്ക് വഹിച്ചു. ഏത് വമ്പനേയും ഭയക്കാത്ത പരിശീലകന്റെ ആത്മവിശ്വാസമാന് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് . ഈ പരിശീലകനും ഈ ടീമും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് കരുത്തേറുകയാണ്.

കടപ്പാട്