തൊണ്ണൂറു മിനുട്ടും പൊരുതിയിട്ട് ഇതുപോലൊരു തീരുമാനം കാരണം കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി |Kerala Blasters

ഇന്ത്യൻ ഫുട്ബോൾ ഇതുവരെ കാണാത്ത സംഭവങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു നോക്ക് ഔട്ട് പോരാട്ടത്തിൽ കാണാൻ സാധിച്ചത് .മത്സരത്തിലെ വിവാദസംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപ് റഫറിയുടെ നിർദ്ദേശം ലഭിച്ചതു കൊണ്ട് ബെംഗളൂരു താരം സുനിൽ ഛേത്രി കിക്കെടുക്കുകയും അത് ഗോളാക്കി മാറ്റിയതായിരുന്നു പ്രശ്‍നം.

ഗോൾ റഫറി അനുവദിക്കുകയും അതിൽ പ്രതിഷേധിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിടുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തീരുമാനങ്ങളും ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതിൽ റഫറിക്കും ബംഗളൂരു എഫ്സികും ഒപ്പമാണ് നിലകൊണ്ടത്.കഴിഞ്ഞ ദിവസമായിരുന്നു ഇതുമായി ബന്ധപ്പെട്ട ഒഫീഷ്യൽ പ്രസ്താവന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിട്ടത്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആവശ്യങ്ങളും ഇവർ നിരാകരിക്കുകയായിരുന്നു.

ഇപ്പോഴിതാ ഛേത്രിയുടെ ഗോൾ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ എടികെ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോ രംഗത്ത് വന്നിരിക്കുകയാണ്.ഐഎസ്എല്ലിൽ റഫറിമാരുടെ തെറ്റായ തീരുമാനം നിരന്തരം സംഭവിക്കുന്ന ഒന്നാണെന്നും നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയല്ലാത്തതിനാൽ പ്രതിഷേധങ്ങൾ ഉയരുന്നത് സ്വാഭാവികമാണ് . എന്താണ് അന്നവിടെ സംഭവിച്ചതെന്ന് ഛേത്രിക്കും ലൂണക്കും റഫറിക്കും മാത്രമേ അറിയുകയുള്ളൂവെന്നും സംഭവിച്ച കാര്യത്തിൽ നിരാശ തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

അസിസ്റ്റന്റ് റഫറി ഒന്ന് തീരുമാനിക്കുന്നതും പ്രധാന റഫറി മറ്റൊന്ന് തീരുമാനിക്കുന്നതും ഇന്ത്യയിൽ തുടർച്ചയായി സംഭവിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമങ്ങൾ കൃത്യമായി ഉപയോഗിക്കാനുള്ളതാണെന്നും കളിക്കാർക്ക് മാത്രമല്ല, പരിശീലകനും വികാരങ്ങളുണ്ടെന്നും ഫെറാൻഡോ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് തൊണ്ണൂറു മിനുട്ടും പൊരുതിയിട്ട് ഇതുപോലൊരു തീരുമാനം കാരണം പുറത്തായി. എല്ലാവരുടെ കാര്യത്തിലും ഒരുപോലെ നിയമങ്ങൾ പാലിക്കുന്നില്ലെന്നതു കൊണ്ട് തന്നെ എല്ലാവരുമിപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിനേയും ബെംഗളൂരുവിനെയും കുറിച്ചാണ് സംസാരിക്കുന്നതെന്നും ഫെറൻഡോ പറഞ്ഞു.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു.

ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്. മത്സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു എഫ്സി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

4.2/5 - (6 votes)
Kerala Blasters