കണക്കുകൾ തീർക്കണം , സൂപ്പർ കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം ഇന്നാരംഭിക്കും |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ വലിയ വിവാദങ്ങൾക്ക് വിട നൽകികൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും പരിശീലനം ആരംഭിക്കുകയാണ്. സൂപ്പർ കപ്പിനായുള്ള ക്യാമ്പ് ഇന്ന് മുതൽ കൊച്ചിയിൽ ആരംഭിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലെ ഓഫിൽ ബംഗളുരുവിനോട് ഛേത്രിയുടെ വിവാദ ഗോളിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാഴ്ചയായി വിശ്രമത്തിൽ ആയിരുന്നു.
എന്നാൽ ആ തോൽവിക്ക് പകരം ചോദിക്കാൻ ബ്ലാസ്റ്റേഴ്സിന് ഒരു സുവർണ്ണാവസരമുണ്ട്. ഹീറോ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടുന്നുണ്ട്.ഇത്തവണത്തെ ഹീറോ സൂപ്പർ കപ്പ് കേരളത്തിൽ വച്ചാണ് നടക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയം,ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയം കോഴിക്കോട് എന്നിവിടങ്ങളിലാണ് സൂപ്പർ കപ്പ് അരങ്ങേറുക. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് വെച്ചാണ് നടക്കുക.
സൂപ്പർ കപ്പിനായി വിദേശ താരങ്ങൾ അടങ്ങിയ ഒന്നാം നിര ടീമിനെ തന്നെയാവും ബ്ലാസ്റ്റേഴ്‌സ് അണിനിരത്തുക. എഎഫ്സി കപ്പിന് യോഗ്യത നേടാം എന്നുളളതുകൊണ്ട് സൂപ്പർ താരങ്ങൾ എല്ലാം സ്‌ക്വാഡിൽ അണിനിരക്കും.മാത്രമല്ല ബംഗളുരുവിനെ പരാജയപ്പെടുത്തിക്കൊണ്ട് ചിലതൊക്കെ തെളിയിക്കാൻ ബ്ലാസ്റ്റേഴ്സിന് ഉണ്ട്. ഹീറോ സൂപ്പർ കപ്പ് നേടാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചക്ക് വിരാമം ഇടാൻ സാധിക്കും. അങ്ങനെ പലതും തെളിയിക്കാൻ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും മികച്ച ഒരുക്കം തന്നെ നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഹീറോ സൂപ്പർകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് കേരളത്തിലെ നാല് സ്റ്റേഡിയങ്ങളിൽ വെച്ചായിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ മത്സരം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അവസാനം വേദികൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ തിരുവനന്തപുരത്തെയും കൊച്ചിയെയും ഒഴിവാക്കി കോഴിക്കോടും മഞ്ചേരിയും മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഹീറോ സൂപ്പർ കപ്പ്‌മത്സരങ്ങൾ വൈകീട്ട് 5:00 മണിക്കും രാത്രി 8:30 നും നടക്കും.ഒരു ദിവസത്തെ രണ്ട് മത്സരങ്ങളും ഒരേ സ്റ്റേഡിയത്തിൽ വെച്ച് ആയിരിക്കും നടക്കുക. ആതിദേയരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പഞ്ചാബ് ബംഗളുരു എന്നിവർക്കെതിരെ ഉള്ള മത്സരങ്ങൾ 8:30 നുംക്വാളിഫയർ 1 ലേ വിജയിയുമായുള്ള മത്സരം 5 മണിക്കും ആണ് നടക്കുക.