“ബ്ലാസ്റ്റേഴ്സിനെ മിന്നുന്ന ഗോളിലൂടെ സ്വപ്‍ന ഫൈനലിന് അടുത്തെത്തിച്ച സഹൽ മാജിക് “

സഹൽ അബ്ദുൾ സമദിന്റെ കഴിവിനെ സംശയിക്കുന്നവർ അധികമുണ്ടാവില്ല . നേരെമറിച്ച് താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാൽ പിച്ചിനെ അമ്പരപ്പിക്കാൻ കഴിവുള്ള ഒരു ഡൈനാമോയാണ് സഹൽ എന്ന് മിക്കവരും സമ്മതിക്കുന്നു.ഐ‌എസ്‌എല്ലിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ, ഈ മിഡ്‌ഫീൽഡറുടെ മിന്നുന്ന ചില നിമിഷങ്ങൾ മാത്രമാണ് ആരാധകർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഈ സീസണിൽ തന്റെ പ്രതിഭ പുറത്തെടുത്ത താരം ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സെമി വിജയത്തിലെ നിർണായക ഗോളടക്കം ആറു ഗോളുകളാണ് അടിച്ചു കൂട്ടിയത്.

ടീം തന്നിലർപ്പിച്ച വിശ്വാസം അതേപടി നടപ്പിലാക്കുന്ന സഹലിനെയാണ് ജാംഷെഡ്പൂരിനെതിരെ കാണാൻ സാധിച്ചത്. വിന്നേഴ്സ് ഷീൽഡ് നേടി ലീഗിൽ ഒന്നാം സ്ഥാനക്കാരായി എത്തിയ ജാംഷെഡ്പൂരിന് മലയാളി താരം സഹലിന്റെ മിന്നും ഗോളിന് മറുപടി ഉണ്ടായില്ല.38ആം മിനുട്ടിൽ അൽവാരോയുടെ പാസ് ക്ലിയർ ചെയ്യുന്നതിൽ ജാംഷെഡ്പൂർ ഡിഫെൻസിന് പിഴച്ചപ്പോൾ ലൈൻ വിട്ട് കയറി വന്ന രഹ്നേഷിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ഗോൾ പോസ്റ്റിലേക്ക് കോരിയിട്ട് മനോഹരമായൊരു ഫിനിഷിങ്ങിലൂടെയാണ് സഹൽ മഞ്ഞപ്പടയെ മുന്നിൽ എത്തിച്ചത്.

ഇന്ന് സഹൽ നേടിയ ഗോൾ താരത്തിന്റെ ബോൾ കോൺട്രോളിന്റെയും ,കൗശലത്തിന്റെയും ,ക്ലിനിക്കൽ ഫിനിഷിന്റെയും ഫലമായിരുന്നു. മത്സരത്തിലുടനീളം ജാംഷെഡ്പൂർ പ്രതിരോധത്തെ സഹൽ പരീക്ഷിച്ചു കൊണ്ടിരുന്നു.ഇന്ന് നേടിയ ഗോളോടെ ഒരൊറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇന്ത്യൻ താരമായി സഹൽ അബ്ദുൽ സമദ് മാറി. സി കെ വിനീതിന്റെ റെക്കോർഡ് ആണ് ഇന്നത്തെ ഗോളോടെ സഹൽ മറികടന്നത്. സി കെ വിനീത് ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി അഞ്ചു ഗോളുകൾ നേടിയിരുന്നു.

ഈ സീസണിൽ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ സഹൽ വലിയ പുരോഗതി കൈവരിച്ച താരം തന്നെയാണ് സഹൽ.മുംബൈക്കെതിരെ നിർണായക മത്സരത്തിലും സഹൽ ഗോൾ നേടിയിരുന്നു.മുംബൈ സിറ്റിക്കെതിരായി സഹൽ നേടിയ മനോഹരമായ ഗോൾ താരത്തിന്റെ പ്രതിഭ മനസ്സിലാക്കി തരുന്ന ഒന്നായിരുന്നു. മികച്ച ബോൾ നിയന്ത്രണവും ഡ്രിബ്ലിംഗ് നൈപുണ്യവും പ്രകടപ്പിച്ച താരം പക്വതയിലേക്കുയർന്നതിന്റെ അടയാളം കൂടിയായിരുന്നു ഈ ഗോൾ .അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വെസ്, റോബർട്ടോ പെരേര ഡയസ് എന്നിവർക്കൊപ്പം സഹൽ മുന്നേറ്റത്തിൽ മികച്ച ഒത്തിണക്കം പുറത്തെടുക്കുകയും ചെയ്തു .

ഓവർ ഡ്രിബ്ലിംഗും , സ്കില്ലുമെല്ലാം കുറച്ച് സഹൽ ഗോളടിക്കാൻ തുടങ്ങിയിരിക്കുന്നു. ഡ്രിബ്ലിംഗ് സ്കിൽ ഉള്ള ഒരു സാധാരണ മിഡ്ഫീൽഡറിൽ നിന്ന് എതിർ ഹാഫിൽ അപകടകരമായ നീക്കങ്ങൾ നടത്തി ഗോൾ നേടാനായി കാത്ത് നിൽക്കുന്ന സ്‌ട്രൈക്കറായി സഹൽ മാറിയതും നാം ഈ സീസണിൽ കണ്ടു. ഇന്നത്തെ മത്സരത്തിൽ ജ്മാഷെഡ്പൂർ പ്രതിരോധത്തെ സഹൽ മറികടന്ന രീതി ഡിഫൻഡർമാരെ നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും അളവ് വ്യക്തമാക്കുന്നു. കളിക്കളത്തിൽ കൂടുതൽ പക്വത പ്രകടമാക്കുന്ന സഹൽ പലപ്പോഴും പ്രതിരോധത്തിലും തന്റെ സാനിധ്യം അറിയിക്കുന്നുണ്ട്.

Rate this post