നോർത്ത് ഈസ്റ്റിന്റെ ആക്രമണങ്ങൾ തടയാൻ ഇന്ത്യൻ താരങ്ങൾ അണിനിരക്കുന്ന പ്രതിരോധവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിലവിൽ ഐഎസ്എൽ പട്ടികയിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ രണ്ട് പോയിന്റ് പിന്നിലായി അഞ്ചാം സ്ഥാനത്താണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ബെഞ്ചിന് കടുത്ത പരീക്ഷണം സമ്മാനിക്കും. സീസണിലെ ശക്തമായ തുടക്കത്തിന് ശേഷം ഒക്ടോബർ 8 ന് മുംബൈ സിറ്റിക്കെതിരായ 1-2 തോൽവി ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നു.സസ്‌പെൻഷനും പരിക്കും കാരണം പ്രധാന കളിക്കാരെ നഷ്ടമായ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ഒരു പരീക്ഷണം തന്നെയാവും.പ്രതിരോധ നിരയിലെ രണ്ടു പ്രധാന താരങ്ങൾ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാവില്ല.മുംബൈ സിറ്റിക്കെതിരെ മത്സരത്തിൽ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചിന് ചുവപ്പ് കാർഡ് ലഭിക്കുകയും മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിക്കുകയും ചെയ്തു.

അതേ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ ലെഫ്റ്റ് ബാക്ക് ഐബാൻബാ ദോഹ്‌ലിംഗിന് പരിക്കേൽക്കുകയും ഈ സീസണിന്റെ ബാക്കി മത്സരങ്ങൾ നഷ്ടമാവാൻ സാധ്യതയുണ്ട്, താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മുംബൈക്കെതിരെ മത്സരത്തിലെ സംഭവങ്ങൾക്ക് ശേഷം പ്രബീർ ദാസിനും മൂന്ന് മത്സരങ്ങളുടെ സസ്പെൻഷൻ ലഭിച്ചിരുന്നു.സെന്റർ ബാക്ക് താരം മാർക്കോ ലെസ്‌കോവിച്ച് പരിക്കിൽ നിന്ന് മോചിതനായെങ്കിലും പൂർണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഇന്നത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഫോർവേഡുകളുടെ ഭീഷണി നേരിടാൻ ബ്ലാസ്റ്റേഴ്സിന് അവരുടെ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കേണ്ടി വരും.ഫോമിലുള്ള സ്‌ട്രൈക്കർ പാർഥിബ് ഗൊഗോയി ബ്ലാസ്റ്റേഴ്സിന് വലിയ ഭീഷണി തന്നെയാവും ഇന്നുയർത്തുക.

പ്രീതം കോട്ടാൽ, സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, നവോച്ച സിംഗ് ഹുയ്‌ഡ്രോം എന്നിവരായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ അണിനിരക്കുക.നവംബർ 25ന് ഹൈദരാബാദിനെതിരായ ഹോം മത്സരത്തിൽ ഡ്രിൻസിച്ചും പ്രബീർ ദാസും കളിക്കളത്തിൽ തിരിച്ചെത്തും.ഡിഫൻസീവ് മിഡ്ഫീൽഡറും ടീമിന്റെ നെടുംതൂണുമായ ജീക്‌സൺ സിംഗും പരിക്കിന്റെ പിടിയിലാണ്. ചുരുങ്ങിയത് മൂന്ന് മാസത്തേക്കെങ്കിലും അദ്ദേഹം പുറത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

2022-23 ലെ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മത്സരത്തിൽ പ്രതിഷേധിച്ച് ടീമിനെ കളത്തിന് പുറത്ത് നയിച്ചതിന് 10 മത്സരങ്ങളുടെ വിലക്ക് അനുഭവിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ചും NEUFCക്കെതിരായ ഇന്നത്തെ മത്സരത്തിൽ വിട്ടുനിൽക്കും.ഒക്ടോബർ 27 ന് ഒഡീഷ എഫ്‌സിക്കെതിരെ അദ്ദേഹം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Rate this post
Kerala Blasters