കിടിലൻ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്! ഫ്രീയായി വമ്പൻ താരത്തെ സ്വന്തമാക്കി | Kerala Blasters

ബെംഗളൂരു എഫ്‌സിയുടെ 29 കാരനായ റൈറ്റ് ബാക്ക് പ്രബീർ ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ പ്രബീർ ദാസ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സീസൺ കഴിഞ്ഞതോടെ ടീം വിട്ട ഖബ്‌റക്ക് പകരക്കാരനായാണ് പ്രബീർ ദാസ് ടീമിലെത്തുന്നത്. താരത്തിന് ട്രാൻസ്‌ഫർ ഫീസായി ഒരു രൂപ പോലും ബ്ലാസ്റ്റേഴ്‌സിന് മുടക്കേണ്ടി വരില്ലെന്ന് ഇതോടെ വ്യക്തമായി.

കഴിഞ്ഞ സമ്മറിൽ എടികെ മോഹൻ ബഗാനിലേക്ക് പോയ ആഷിക് കുരുണിയനുമായുള്ള സ്വാപ്പ് ഡീലിൽ പ്രബീർ ദാസ് ബിഎഫ്‌സിയിൽ ചേർന്നത്.രണ്ടു വർഷത്തെ കരാറിലാവും താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.ഈ സീസണിൽ ബ്ലൂസിനായി താരം 20 മത്സരങ്ങൾ കളിച്ചു. സൈമൺ ഗ്രേസന്റെ കീഴിൽ 5-3-2 ശൈലിയിൽ അദ്ദേഹം പ്രധാനമായും റൈറ്റ് വിങ്ങ്-ബാക്കായി കളിച്ചു.കൂടാതെ ഡുറാൻഡ് കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ്, ഹീറോ സൂപ്പർ കപ്പ് ഫൈനലുകൾ എന്നിവയിലേക്കുള്ള ക്ലബ്ബിന്റെ കുതിപ്പിലെ പ്രധാന കളിക്കാരനായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുടെ അപരാജിത കുതിപ്പിനൊപ്പം പ്രബീറിന്റെ ഫോമിലെ പുരോഗതിയും എടുത്തു പറയണ്ടതാണ്.ലീഗ് ഷീൽഡ് വിന്നേഴ്‌സ് മുംബൈ സിറ്റി എഫ്‌സിക്കെതിരായ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ അദ്ദേഹം അവിസ്മരണീയമായ പ്രകടനം നടത്തിയിരുന്നു.പൈലൻ ആരോസ് ടീമിൽ നിന്നുള്ള കണ്ടെത്തലായിരുന്നു പ്രബീർ ദാസ്.ഒരു മുഴുവൻ ഐ-ലീഗ് സീസൺ കളിച്ചു. 2012 എഎഫ്‌സി അണ്ടർ 19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

2014-15 സീസണിൽ പ്രബീർ ഐ ലീഗ് ടീമായ ഡെംപോയിലേക്ക് ചേക്കേറി. ലോണിൽ സിക്കോയുടെ എഫ്‌സി ഗോവയിൽ ചേർന്ന അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചു.2015-ൽ പ്രബീർ മോഹൻ ബഗാനുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു, തുടർന്ന് ഡൽഹി ഡൈനാമോസിലേക്ക് ഡ്രാഫ്റ്റ് ചെയ്യപ്പെട്ടു.കൂടാതെ എഎഫ്സി അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ അണ്ടർ-23 അരങ്ങേറ്റം കുറിച്ചു.2016-ൽ ജോസ് മോളിനയുടെ കാലത്താണ് എടികെ താരത്തെ സ്വന്തമാക്കിയത്, ക്ലബിന്റെ വിജയത്തിലേക്കുള്ള കുതിപ്പിൽ പ്രബിർ ശ്രദ്ധേയമായ സ്വാധീനം ചെലുത്തി.2017-2020 കാലയളവിൽ എടികെയ്ക്കുവേണ്ടി 34 മത്സരങ്ങളും തുടർന്നുള്ള രണ്ട് സീസണുകളിൽ എടികെ മോഹൻ ബഗാന് വേണ്ടി 39 മത്സരങ്ങളും കളിച്ചു.

ഫിജിയൻ ഫോർവേഡ് റോയ് കൃഷ്ണയുമായി മികച്ച ധാരണയുണ്ടാക്കി. അതിനു ശേഷമാണ് ദാസ് ബ്ലൂസിലേക്ക് എത്തിയത്.റൈറ്റ് ബാക്ക് ബ്ലാസ്റ്റേഴ്സിന് ഒരു പ്രശ്ന മേഖലയായിരുന്നു, ആ സ്ഥാനത്ത് 29 കാരനായ പരിചയസമ്പത്തുള്ള പ്രബീറിന്റെ വരവ് ഗുണം ചെയ്യുമെന്നുറപ്പാണ്.നിരവധി താരങ്ങളുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും നിലവിൽ ഓസ്‌ട്രേലിയൻ താരം ജോഷുവയെ സ്വന്തമാക്കിയ കാര്യം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിനു പുറമെ കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായിരുന്ന ദിമിത്രിയുടെയും ഡിഫൻഡർ ഹോമിപമിന്റെയും കരാർ പുതുക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു.

Rate this post