‘പ്ലെ ഓഫിൽ വിജയിക്കണം, ഞങ്ങളതിന് തയ്യാറാണ്’ : ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം മുഹമ്മദ് ഐമെൻ | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പ്ലേ ഓഫ് എലിമിനേറ്ററില്‍ ഒഡീഷയാണ് എതിരാളികള്‍. ഭുവനേശ്വറില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലേക്ക് മുന്നേറാന്‍ സമീപകാലത്തെ പ്രകടനം മതിയാവില്ല ബ്ലാസ്റ്റേഴ്സിന്. ഇത് ഏറ്റവും നന്നായി അറിയാവുന്ന ഇവാന്‍ വുകോമനോവിച്ച് മറുതന്ത്രവുമായി തയ്യാറെടുത്തുകഴിഞ്ഞു.

ഭുവനേശ്വറില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സിന് ജയിക്കാനായിട്ടില്ല. കളിച്ച മൂന്ന് മത്സരത്തിലും തോറ്റു. ഒഡിഷയെ തോല്‍പിച്ചാല്‍ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ പരിശീലകൻ ഇവാന്‍ വുകോമനോവിചിനോടൊപ്പം പങ്കെടുത്ത യുവ താരം മുഹമ്മദ് ഐമെൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.20 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നേടിയ യുവതാരം ബ്ലാസ്റ്റേഴ്സിനായി മധ്യനിരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.എയ്‌മെൻ 252 പാസുകളും 22 ഡ്രിബിളുകളും രേഖപ്പെടുത്തുകയും 16 അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

“മനസ്സ് എപ്പോഴും പോസിറ്റീവ് ആണ്. ഇതൊരു പ്ലേഓഫും ഒരു മത്സരവുമാണ്. അതിൽ വിജയിക്കണം. ഞങ്ങളതിന് തയ്യാറാണ്, നന്നായി തയ്യാറാണ്.” അദ്ദേഹം പറഞ്ഞു.തൻ്റെ ഇരട്ട സഹോദരൻ മുഹമ്മദ് അസ്ഹറുമായി പിച്ച് പങ്കിടുമ്പോൾ എങ്ങനെ അനുഭവപ്പെടുന്നുവെന്ന് പങ്കുവെച്ചാണ് എയ്‌മെൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

“രണ്ട് സഹോദരന്മാർ ഒരു ടീമിൽ കളിക്കുമ്പോൾ അത് വലിയൊരു വികാരമാണ്. മാതാപിതാക്കൾക്ക് സന്തോഷവും അഭിമാനവും ഉണ്ടാകും. അവരുടെ സന്തോഷമാണ് നമ്മുടെ പ്രചോദനം. അവരെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നു.” അദ്ദേഹം പറഞ്ഞു.

Rate this post