“ബ്ലാസ്റ്റേഴ്സിന് ഇനി വിശ്രമമില്ലാത്ത നാളുകൾ ” ; പരീക്ഷണ കാലഘട്ടം അതിജീവിക്കാനാവുമോ ?

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ ബ്ലാസ്റ്റേഴ്സ് പോയ സീസണുകളിലെ മോശം പ്രകടനങ്ങളെ മറന്ന് മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ ടീമിനായി ഈ സീസണിൽ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ വിജയങ്ങളിൽ അമിതമായി സന്തോഷിക്കാതെ തോൽവികളിൽ തളരാതെയുള്ള പോസിറ്റീവ് സമീപനം ടീമിനെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.9 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 14 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരള ടീം. ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവി വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവസാന 8 മത്സരത്തിൽ പരാജയം അറിഞ്ഞിട്ടില്ല. തുടർന്നുള്ള 8 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങളും, 5 സമനിലകളുമാണ് നേടിയത്.

എന്നാൽ ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത് കഠിനമായ മത്സര ദിനങ്ങളാണ്. ഇനിയുള്ള 12 ദിവസത്തിനുള്ളിൽ നാല് മത്സരങ്ങളാണ് അവർക്ക് കളിക്കേണ്ടത്,. നാളെ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സി യാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ .രണ്ട് ദിവസത്തിന് ശേഷം ഒഡിഷ എഫ്സിയെ നേരിടും. തുടർന്ന് മൂന്ന് ​ദിവസങ്ങൾക്ക് ശേഷം മുംബൈ സിറ്റിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് അടുത്തൊരു മൂന്ന് ദിവസത്തിന് ശേഷം എടികെ മോഹൻ ബ​ഗാനോടും മത്സരിക്കും.ജനുവരി 30ന് ബംഗളൂരു ടീമിനും എതിരെയാണ് ഈ മാസത്തിലെ ശേഷിക്കുന്ന കളി.കൂടാതെ ഫെബ്രുവരി 4- നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഫെബ്രുവരി 11-ജംഷഡ്‌പൂർ , ഫെബ്രുവരി 15- ചെന്നൈയിൽ എഫ്. സി, ഫെബ്രുവരി 19- ഹൈദരാബാദ്, ഫെബ്രുവരി 28-ഈസ്റ്റ്‌ ബംഗാൾ, മാർച്ച്‌ 5 -ഗോവ എന്നിവർക്ക് എതിരെയാണ് മറ്റുള്ള മത്സരങ്ങൾ.

12 ദിവസത്തിനുള്ളിൽ നേരിടേണ്ട നാല് എതിരാളികളിൽ ഒഡീഷയെയും , മുംബൈയെയും ആദ്യ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപെടുത്തിയിരുന്നു.മോഹൻ ബഗാനോട് ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. ഹൈദെരാബാദിനോട് ആദ്യമായാണ് ഈ സീസണിൽ ബ്ലാസ്റ്റെർസ് ഏറ്റുമുട്ടുന്നത്. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ നാല് ടീമുകളെയും പരാജയപെടുത്താനുള്ള കരുത്ത് ബ്ലാസ്റ്റേഴ്സിനുണ്ട്. ഈ നാല് മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടാതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇനിയുള്ള മത്സരണങ്ങളിലെ ഓരോ പോയിന്റും പ്ലെ ഓഫ് സ്ഥാനം നിര്ണയിക്കുന്നതിൽ വലിയ പങ്കു വഹിക്കും.

2016 നു ശേഷം ആദ്യമായി പ്ലെ ഓഫ് ലക്‌ഷ്യം വെക്കുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള പോരാട്ടങ്ങൾ വളരെ നിർണായകമാണ്. ഒഡിഷ, മുംബൈ സിറ്റി, ചെന്നൈയിൻ എന്നി മൂന്നു വമ്പന്മാരെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പരാജയപ്പെടുത്തിയത്. അത്കൊണ്ട് തന്നെ ഏത് വമ്പൻ ടീമിനെയും പരാജയപെടുത്താം എന്ന ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിന് വരികയും ചെയ്തു. ഇനിയുള്ള മത്സരങ്ങളിൽ തോൽവി അറിയാതെ മികച്ച പ്രകടനവുമായി മുന്നേറിയാൽ ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം ബ്ലാസ്റ്റേഴ്സിൽ നിന്നും കാണാനാവും.

പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേർസിന്റെ വിജയങ്ങളിൽ നിർണായകമായത് വിദേശ താരങ്ങളുടെ പ്രകടനം തന്നെയാണ്, മുൻ സീസണുകൾ അപേക്ഷിച്ച് കഴിവുള്ള മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് സാധിക്കുകയും ചെയ്തു. മുൻ സീസണുകളിൽ വലിയ വില കൊടുത്തു കൊണ്ട് വന്ന പല വിദേശ താരങ്ങളും നിരാശപ്പെടുത്തിയ ചരിത്രമാണുള്ളത്. വിദേശ താരങ്ങൾക്കൊപ്പം സഹൽ, പ്രശാന്ത് ,പ്യൂട്ടിയ തുടങ്ങിയ ഇന്ത്യൻ താരങ്ങളും പ്രകടനത്തിൽ മികവ് പുലർത്തിയത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു.

Rate this post
Kerala Blasters