❝കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണില്‍ മലപ്പുറത്ത് കളിക്കും❞|Kerala Blasters

കേരള ബ്ലാസ്റ്റഴ്‌സ് ആരാധകര്‍ക്ക് വലിയ സന്തോഷം പകരുന്നൊരു വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ പുറത്തു വന്നേക്കും. ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ മലപ്പുറത്ത് കളിക്കാൻ ഒരുങ്ങുകയാണ് എന്നാണ് ആ വാർത്ത.സന്തോഷ് ട്രോഫി ഫുട്ബോളിന് മലപ്പുറത്തെ സ്വീകാര്യത തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഇങ്ങനെ ചിന്തിപ്പിച്ചത്.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മത്സരങ്ങൾക്കായി ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയ ഫുട്‌ബോൾ ആരാധകരെ കണ്ട് ഏവരും അത്ഭുതപ്പെടുകയും ചെയ്തു. സന്തോഷ് ട്രോഫി പോലെ താര തിളക്കമില്ലാത്ത ഒരു ചാമ്പ്യൻഷിപ്പിൽ ഇത്രയധികം കാണികൾ എത്തിയെങ്കിൽ ഇന്ത്യയിലെയും വിദേശത്തെയും സൂപ്പർ താരങ്ങൾ കളിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കാണികൾ ഒഴുകും എന്നതിൽ സംശയമില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനൊപ്പം രണ്ടാം ഹോം ഗ്രൗണ്ടായി മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ഉൾപ്പെടുത്താനാണ് നീക്കം. എന്നാൽ, പയ്യനാട് സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരങ്ങൾക്കുള്ള സൗകര്യമില്ലാത്തത് പ്രശ്നമായി തുടരുന്നു. എന്തായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾക്ക് മഞ്ചേരി പയ്യനാട് വേദിയാകാനുള്ള സാധ്യതകൾ സജീവമാണ്.അടുത്ത സീസണില്‍ രണ്ടോ മൂന്നോ ഹോം മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിനിധി സംഘം പയ്യനാട് മൈതാനവും അനുബന്ധ സൗകര്യങ്ങളും സന്ദര്‍ശിച്ചു.ഗ്രൗണ്ട്, ഗ്യാലറി, ഫ്‌ളഡ്‌ലെറ്റ് എന്നിവയില്‍ തൃപ്തി രേഖപ്പെടുത്തിയ സംഘം അടുത്ത ദിവസം ചർച്ചകൾ നടത്തും.ഹോം മത്സരങ്ങള്‍ കുറച്ചെങ്കിലും പയ്യനാട്ടേക്കു മാറ്റുകയാണെങ്കില്‍ എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മത്സരങ്ങൾക്കായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.കൊച്ചിക്ക് ശേഷം മഞ്ചേരി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായാൽ അത് മലബാറിൽ നിന്നുള്ള ടീമിന്റെ പിന്തുണ വർദ്ധിപ്പിക്കാനും മലബാറിലേക്കുള്ള കൂടുതൽ വിപണനത്തിനും സഹായിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കരുതുന്നു.

80 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള മഞ്ചേരി ഒരു റെക്കോർഡ് ഇതിനോടകം സ്ഥാപിച്ചു. പയ്യനാട് സ്റ്റേഡിയത്തിൽ കേരള-കർണാടക സെമിഫൈനൽ കിക്കോഫിന് രണ്ട് മണിക്കൂർ മുമ്പ് ഗ്യാലറി നിറഞ്ഞുകവിഞ്ഞിരുന്നു. ഇരിപ്പിടങ്ങൾ നിറഞ്ഞ് സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനു മുന്നിൽ ആളുകൾ തിങ്ങിനിറഞ്ഞതോടെ മഞ്ചേരിയിലെ വേറിട്ട കാഴ്ചയായി.സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സമീപകാല ചരിത്രത്തിൽ അവസാന ഗ്രൂപ്പ് മത്സരങ്ങളിലെത്തിയ കാണികളുടെ റെക്കോർഡ് എണ്ണത്തിനും മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് എ കേരള മത്സരങ്ങൾക്കായി മാത്രം 1.2 ലക്ഷം കാണികളാണ് ഗാലറിയിൽ എത്തിയത്.

https://morningexpress.in/kerala-blasters-matches-to-be-played-in-malappuram-exciting-news-for-football-lovers-in-malabar/
Rate this post