“ഫൈനലിലെ സ്ഥാനം ഉറപ്പിക്കാൻ മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സിറങ്ങുന്നു “

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ആദ്യ സെമിയിൽ സഹൽ നേടിയ ഏക ഗോളിൽ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദവും കൈക്കലാക്കാം എന്ന വിശ്വാസത്തിലാണ്. എന്നാൽ വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ തിരിച്ചു വരാം എന്ന വിശ്വാസത്തിലാണ് ലീഗ് ഷീൽഡ് വിന്നേഴ്‌സായ ജംഷഡ്‌പൂർ എഫ് സി. ജംഷഡ്പൂരിന് ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട് – നേരത്തെയുള്ള ഒരു ഗോൾ വഴങ്ങുന്നത് അവർക്ക് തിരിച്ചടിയായി മാറും.

ആദ്യ മത്സരത്തില്‍ പരിശീലകന്‍ ഇവാൻ വുകമനോവിച്ച് പരീക്ഷിച്ച അതേ നീക്കങ്ങൾ രണ്ടാം മത്സരത്തിലും നടപ്പാക്കിയാൽ അനായാസം ജയം സ്വന്തമാക്കാം. ഒരു ഗോളിന്റെ ലീഡ് കയ്യിലുള്ള സ്ഥിതിക്ക് പ്രതിരോധിച്ച് നില്‍ക്കുക എന്നത് തന്നെയാണ് ആദ്യത്തെ പോം വഴി. ഗോള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ ശ്രമവും ജംഷഡ്പുര്‍ എഫ്.സിയും നടത്തും. എന്നാൽ, പൂർണമായും പ്രതിലോധത്തിലൂന്നി കളിക്കുക എന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് അവലംബിക്കുന്നതെങ്കിൽ അത് തിരിച്ചടിക്കാൻ സാധ്യതയുണ്ട്.

കേരളത്തോട് തോൽക്കുന്നതിന് മുമ്പ് ജംഷഡ്‌പൂർ ഏഴ് മത്സരങ്ങളുടെ വിജയകരമായ ഓട്ടത്തിലായിരുന്നു.എന്നാൽ കഴിഞ്ഞ മത്സരത്തിൽ അവരുടെ സ്റ്റാർ താരം ഗ്രേയ്‌ഗ്‌ സ്റ്റുവർട്ടിന് തിളങ്ങാൻ സാധിക്കാത്തതും ഡാനിയൽ ചിമ ചുക്വുവിന് അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതും ജാംഷെഡ്പൂരിനു തിരിച്ചടിയായി മാറി.കേരളത്തിന് വേണ്ടി, സഹലിന് ഓർമ്മിക്കാൻ ഒരു സീസൺ ഉണ്ട്, കഴിഞ്ഞ മത്സരത്തിലെ അദ്ദേഹത്തിന്റെ ഗോൾ നിർണായക സമയത്ത് തനിക്ക് ഉയരാൻ കഴിയും എന്നതിന്റെ തെളിവായിരുന്നു.ഇതുവരെ എട്ട് ഗോളുകൾ നേടിയ ലിസ്റ്റൺ കൊളാക്കോയ്ക്ക് പിന്നിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ (ആറ് ഗോളുകൾ) ആണ് സഹൽ.21 കാരനായ റൂയിവ ഹോർമിപം ആണ് കേരളത്തിന്റെ തുറുപ്പു ചീട്ട്.മാർക്കോ ലെസ്‌കോവിച്ചിനൊപ്പം ജാംഷെഡ്പൂർ താരങ്ങലെ പിടിച്ചു നിർത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.

“ഞങ്ങളുടെ അവസാന കളിയിലേക്ക് ഞങ്ങൾ നോക്കുക പോലും ഇല്ല, ഒരു പുതിയ ഗെയിമാണ്, അവസാന ഗെയിമിൽ നിന്ന് 1-0 ഞങ്ങൾക്ക് ഒന്നും നൽകുന്നില്ല, ഞങ്ങൾ 0 – 0 പോലെ തുടങ്ങും. ഇത് കഴിഞ്ഞ ഗെയിമിനേക്കാൾ ബുദ്ധിമുട്ടായിരിക്കും,” വുകോമാനോവിച്ച് പറഞ്ഞു.”ഞങ്ങൾ ലോകകപ്പ് നേടിയതുപോലെ എല്ലാ മത്സരങ്ങളും ആഘോഷിക്കും, ഓരോ വിജയവും ഞങ്ങൾക്ക് പ്രധാനമാണ്. ഞങ്ങൾ നേടിയതൊന്നും ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടില്ല.ഞങ്ങൾ അതിനായി പോരാടി” അദ്ദേഹം പറഞ്ഞു.

ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം, മിഡ്ഫീൽഡ്-ഫ്രണ്ട്ലൈനിലെ മികച്ച ഫോമിലുള്ള ക്വാർട്ടറ്റ് അവരുടെ ശ്രദ്ധേയമായ ഫോം തുടരുകയാണ് .അത് അടുത്ത മത്സരത്തിലും തുടരുമെന്നാണ് പ്രതീക്ഷ .അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വസ്, ജോർജ് പെരേര ഡയസ്, സമദ് എന്നിവർ തങ്ങളുടെ ടീമിന്റെ 34 ഗോളുകളിൽ 27ഉം സ്‌കോർ ചെയ്തിട്ടുണ്ട്.ഇവരിൽ ഒരാൾക്കെങ്കിലും പ്രചോദനത്തിന്റെ ഒരു നിമിഷം കൊണ്ടുവരാൻ കഴിഞ്ഞാൽ മുൻകാലങ്ങളിലേതുപോലെ – ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആഘോഷിക്കാൻ ഒരു അവസരം നാളെ ഉണ്ടാകും എന്നുറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്സ് (4-4-2): പ്രഭ്സുഖൻ സിംഗ് ഗിൽ; ഹർമൻജോത് ഖബ്ര, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, സഞ്ജീവ് സ്റ്റാലിൻ; സഹൽ അബ്ദുൾ സമദ്, ആയുഷ് അധികാരി, ലാൽതതംഗ ഖൗൾഹിംഗ്, അഡ്രിയാൻ ലൂണ; ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ്.

ജംഷഡ്പൂർ എഫ്‌സി (4-2-3-1): ടിപി രഹനേഷ്; ലാൽഡിൻലിയാന റെന്ത്‌ലി, എലി സാബിയ, പീറ്റർ ഹാർട്ട്‌ലി, റിക്കി ലല്ലാവ്മ; മൊബാഷിർ റഹ്മാൻ, പ്രോണയ് ഹാൽഡർ; സെയ്മിൻലെൻ ഡൂംഗൽ, ഗ്രെഗ് സ്റ്റുവർട്ട്, റിത്വിക് ദാസ്; ഡാനിയൽ ചിമ ചുക്വു.