സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിലും കേരളത്തിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജമ്മു കശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത കേരളം 12 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി. മിസോറാമിനെതിരേ ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ കേരളത്തിന് നേരിട്ട് ഫൈനല്‍ റൗണ്ട് കളിക്കാം.ഗ്രൂപ്പ് രണ്ടില്‍ കേരളത്തിന്റെ തുടര്‍ച്ചയായ നാലാം ജയം കൂടിയയായിരുന്നു ഇത്.
ആദ്യപകുതിയിൽ കേരളത്തെ കൃത്യമായി പ്രതിരോധിക്കുന്നതിൽ ജമ്മു കാശ്‌മീർ വിജയിച്ചിരുന്നു. വലിയ പഴുതുകളൊന്നും അവർ വരുത്തിയില്ല. കേരളത്തിന്റെ ഏതാനും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ജമ്മു കാശ്‌മീർ ഗോൾകീപ്പർക്ക് അവയൊന്നും വലിയ ഭീഷണിയായി മാറിയില്ല. അതേസമയം ജമ്മു കാശ്‌മീർ ആക്രമണത്തിൽ തീരെ പിന്നിലായിരുന്നു. കേരള ഗോൾകീപ്പർക്ക് അവർ യാതൊരു തരത്തിലും ഭീഷണി ആയതേയില്ല.രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെ കേരളം വിജയം ഉറപ്പിക്കുക ആയിരുന്നു.
വിഖ്‌നേഷ്, റിസ്വാന്‍ അലി, നിജോ ഗില്‍ബര്‍ട്ട് എന്നിവരാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.51-ാം മിനിറ്റിലാണ് കേരളം ആദ്യ ഗോള്‍ കണ്ടെത്തിയത്. നിജോ ഗില്‍ബര്‍ട്ട് ചിപ് ചെയ്ത് നല്‍കിയ പാസ് പാടിച്ചെടുത്ത് വിഖ്‌നേഷാണ് കേരളത്തെ മുന്നിലെത്തിച്ചത്. 76ആം മിനുട്ടിൽ വിശാഖ് മോഹനൻ നൽകിയ പാസ് സ്വീകരിച്ച് റിസുവാൻ അലി കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഇഞ്ച്വറി ടൈമിൽ വിക്നേഷിന്റെ അസിസ്റ്റിൽ നിന്ന് നിജോ ഗിൽബേർട്ട് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.
യോഗ്യതാ റൗണ്ടില്‍ ആറ് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുന്നത്. മികച്ച മൂന്ന് റണ്ണറപ്പുകളും യോഗ്യത നേടും.കേരളത്തിനും മിസോറാമിനും പന്ത്രണ്ടു പോയിന്റാണുള്ളത്. ബീഹാർ, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ് എന്നിവരെയാണ് കേരളം കഴിഞ്ഞ മത്സരങ്ങളിൽ തോൽപ്പിച്ചത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളവും മിസോറാമും ആണ് ഏറ്റുമുട്ടുക.