“സന്തോഷ് ട്രോഫിയിൽ തകർപ്പൻ ജയവുമായി കേരളം”| Santhosh Trophy

പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന 75ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രാജസ്ഥാനെതിരെ തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ കേരള ക്യാപ്റ്റൻ ജിജോയുടെ ഹാട്രിക്കിന്റെ ബലത്തിലാണ് കേരളം തകർപ്പൻ ജയം നേടിയത്.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ ഫ്രീകിക്കിലൂടെയായിരുന്നു നായകൻ കേരളത്തിനായി അക്കൗണ്ട് തുറന്നത്. 38ാം മിനിറ്റിൽ ​ബോക്സിന് പുറത്തുനിന്ന് കേരള മിഡ്ഫീൽഡർ ഗിൽബർട്ട് തൊടുത്തുവിട്ട ഷോട്ട് വലയിൽ ചെന്ന് പതിച്ചു. രാജസ്ഥാൻ ഗോൾ കീപ്പർ മനീന്ദറിന് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.രണ്ടാം പകുതിയിലും കേരളം അറ്റാക്ക് തുടർന്നു. 58ആം മിനുട്ടിൽ കേരള ക്യാപ്റ്റന്റെ രണ്ടാം ഗോൾ. ഇടതുവിങ്ങിൽ നിന്ന് കയറി വന്ന ഷഹീം കൊടുത്ത ത്രൂ പാസ് സ്വീകരിച്ച ജിജോ ജോസഫ് തന്റെ രണ്ടാം ഗോൾ നേടി.

സോയൽ ജോഷി നൽകിയ ലോ ക്രോസ് വലയിൽ എത്തിച്ച് ജിജോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. 82ആം മിനുട്ടിൽ രാജസ്ഥാൻ കീപ്പറുടെ പിഴവ് മുതലെടുത്ത് അജയ് അലക്സും ഗോൾ നേടിയതോടെ ജയം അഞ്ച് ഗോളിനായി.ഇനി ഏപ്രിൽ 18ന് വെസ്റ്റ് ബംഗാളിന് എതിരെയാണ് കേരളത്തിന്റെ പോരാട്ടം.

സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ജയം പശ്ചിമ ബംഗാൾ സ്വന്തമാക്കിയിരുന്നു.ഇന്ന് രാവിലെ 9.30ന് മലപ്പുറം കോട്ടപ്പടി ഫുട്‌ബാള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61-ാം മിനിറ്റില്‍ ശുഭാം ബൗമികാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്.ഇതുവരെ 13 തവണ സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച കേരളം 14 തവണ ഫൈനൽ കളിച്ചിട്ടുണ്ട്. ആറ് തവണ കിരീടം നേടി.

Rate this post