മെസ്സിയെ പോലെ മെസ്സി മാത്രം, ചരിത്രം നോക്കിയാലും കാണാനാവില്ലെന്ന് മറഡോണയുടെ പിൻഗാമി |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ അർജന്റീനയാണ് 2022 നടന്ന ഖത്തർ വേൾഡ് കപ്പിൽ കിരീടം അണിഞ്ഞത്. ലോക ഫുട്ബോളിലെ മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബാപ്പയുടെ ഫ്രാൻസിനെയാണ് ലിയോ മെസ്സിയുടെ അർജന്റീന പരാജയപ്പെടുത്തിയത്. ആരാധകരെ ഏറെ ആവേശം കൊള്ളിച്ച മൂന്നു ഗോളിന്റെ സമനിലയിൽ അവസാനിച്ച ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന കിരീടം നേടുന്നത്.

അർജന്റീന ഫിഫ വേൾഡ് കപ്പ് വിജയിച്ചതിന്റെ ബലത്തിൽ നായകൻ ലിയോ മെസ്സി കഴിഞ്ഞ സീസണിലെ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പേ എന്നിവരെ മറികടന്ന്കൊണ്ടാണ് ലിയോ മെസ്സിയുടെ ഏട്ടാമത് ബാലൻ ഡി ഓർ പുരസ്‌കാരനേട്ടം. ബാലൻ ഡി ഓർ പുരസ്‌കാരദാന ചടങ്ങിൽ ലിയോ മെസ്സിയെ കണ്ടുമുട്ടിയതിനെ സംബന്ധിച്ച് സംസാരിച്ചിരിക്കുകയാണ് നാപോളി ക്ലബ്ബിൽ മറഡോണയുടെ പിൻഗാമി എന്ന് വിശേഷണമുള്ള ജോർജിയൻ താരം ക്വിച കവരട്സ്ഖേലിയ.

“ലിയോ മെസ്സിയെ കണ്ടുമുട്ടിയത് എന്നെ സംബന്ധിച്ചിടത്തോളം ചരിത്രമാണ്. ലിയോ മെസ്സിയെ പോലെയൊരു താരത്തിനെ ഫുട്ബോൾ ചരിത്രത്തിൽ നിന്നും കണ്ടുപിടിക്കുക അസാധ്യമാണ്. ചടങ്ങിനിടെ ലിയോ മെസ്സി എനിക്ക് നേരെ വന്ന് എന്നോട് സംസാരിച്ചത് എനിക്ക് ആശംസകൾ നേർന്നതും എനിക്ക് സ്വപ്നതുല്യമായി അനുഭവപ്പെട്ടു. ലിയോ മെസ്സി അതിശയകരമായ താരമാണ്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുകയും ഒരുപാട് ആശംസിക്കുകയും ചെയ്യുന്നു.” – ക്വിച കവരട്സ്ഖേലിയ പറഞ്ഞു.

2022 മുതൽ ഇറ്റാലിയൻ ക്ലബ്ബായ നപോളിക്ക് വേണ്ടി കളിക്കുന്ന ഈ 22 കാരൻ 15 ഗോളുകൾ നപോളിക്ക് വേണ്ടി നേടിയിട്ടുണ്ട്. ജോർജിയ നാഷണൽ ടീമിന്റെ യൂത്ത് ടീമുകളിലൂടെ വളർന്നുവന്ന താരം 2019 മുതലാണ് ജോർജിയ സീനിയർ ടീമിന് വേണ്ടി കളിച്ചുതുടങ്ങുന്നത്. 14 ഗോളുകൾ അന്താരാഷ്ട്ര തലത്തിൽ നേടിയ താരം നപോളിക്ക് വേണ്ടി കാഴ്ച വെച്ച പ്രകടനം കൊണ്ട് ലോകശ്രദ്ധ ആകർഷിച്ചിരുന്നു.