ക്ലോപ്പിന് എസി മിലാന്റെ ആപ്പ്, ലിവർപൂളിന്റെ പ്രധാനലക്ഷ്യത്തെ ജനുവരി ട്രാൻഫറിൽ റാഞ്ചിയേക്കും

പ്രീമിയർ ലീഗിൽ എവർട്ടണെതിരായ മത്സരത്തിനിടക്കാണ് എവെർട്ടൺ ഗോൾകീപ്പറായ ജോർദാൻ പിക്‌ഫോർഡിന്റെ ഫൗളിൽ പെനാൽറ്റി ബോക്സിൽ വെച്ച്  ലിവർപൂളിന്റെ വിർജിൽ വാൻ ഡൈകിനു പരിക്കേൾക്കുന്നത്. കാൽ മുട്ടിലെ പേശിക്കേറ്റ പരിക്ക് മൂലം സീസണിലെ ബാക്കി മത്സരങ്ങളെല്ലാം വാൻ ഡൈകിനു നഷ്ടപ്പെട്ടേക്കും. നിലവിൽ  ജോവൽ  മാറ്റിപ്പും ജോ ഗോമെസും മാത്രമാണ്  പ്രതിരോധ നിരയിൽ ക്ലോപ്പിന് ലഭ്യമായിട്ടുള്ളു.

അതു കൊണ്ടു തന്നെ പുതിയ ഒരു സെന്റർബാക്കിനെ  തട്ടകത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് ലിവർപൂൾ. ലിവർപൂൾ ബാക്കപ്പായി കണ്ടു വെച്ചിരിക്കുന്നത് ഷാൽക്കെയുടെ സെന്റർബാക്കായ ഒസാൻ കബാകിനെയാണ്. കഴിഞ്ഞ ആഴ്ചയിൽ താരത്തിനായി ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചാമ്പ്യൻസ്‌ലീഗിൽ മിഡ്‌ടൈലാന്റുമായി നടന്ന മത്സരത്തിൽ  ഫാബിഞ്ഞോയെയും നഷ്ടപ്പെട്ടതോടെയാണ് ക്ളോപ്പ്‌  പ്രതിസന്ധിയിലായത്. അതു കൊണ്ടു തന്നെ വരുന്ന ജനുവരി ട്രാൻസ്ഫറിൽ തന്നെ താരത്തെ ആൻഫീൽഡിലെത്തിക്കാനുള്ള നീക്കത്തിലാണ് ലിവർപൂൾ.  എന്നാൽ അത് അത്രക്ക് എളുപ്പമാവില്ലെന്നാണ് പുതിയ  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

താരത്തിനായി ഇറ്റാലിയൻ ലീഗ് ടേബിളിൽ ഒന്നാമതായി തുടരുന്ന എസി മിലാനും രംഗത്തെത്തിയെന്നാണ് ഇറ്റാലിയൻ മാധ്യമമായ ഗസെറ്റാ ഡെല്ലോ സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നത്. പത്തുവർഷമായി അകന്നു നിന്നിരുന്ന ഇറ്റാലിയൻ കിരീടം കൈപ്പിടിയിലൊതുക്കാൻ ഇത്തവണ ഒരുങ്ങി തന്നെയാണ് മിലാനുള്ളത്. അതിനായി   പ്രതിരോധം ശക്തമാക്കാനുള്ള പദ്ധതിയിലാണുള്ളത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്  ഇത്തവണത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ  എസി മിലാന്റെ പ്രധാന ലക്ഷ്യമാണ് ഒസാൻ കബാക് എന്നാണ്.