“ബ്ലാസ്റ്റേഴ്സിന്റെ സെമി പോരാട്ടത്തിൽ കൊച്ചി മഞ്ഞ കടലാകും”

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂർ എഫ് സിയെ നേരിടും.ശൈലിയിലും തന്ത്രത്തിലും ഒരേ വഴിക്കു സഞ്ചരിച്ചെത്തുന്ന ടീമുകൾ നേർക്ക് നേർ വരുമ്പോൾ തീപാറുമെന്നുറപ്പാണ്. രണ്ടു മികച്ച ടീമുകൾ എന്നതിലുപരി ലീഗിലെ ഏറ്റവും മികച്ച രണ്ടു പാരിസിലേക്കർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാണ് ഇന്നത്തെ മത്സരം. തുടർച്ചയായ വിജയങ്ങൾ നേടി വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കി എത്തുന്ന ജാംഷെഡ്പൂരിനെ കീഴടക്കാം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

ഇന്നലെ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ഈ സീസണിൽ താൻ തൃപ്തനാണ് എന്ന് പരിശീലകൻ ഇവാൻ പറഞ്ഞിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം കൊച്ചി സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ വന്നില്ല എന്നത് മാത്രമാണ് തന്റെ സങ്കടം എന്നും എന്നാൽ അടുത്ത സീസണിൽ അതാകില്ല അവസ്ഥ എന്നും ഇവാൻ പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകനറെ ദുഖത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്.

ഇന്ന് ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. ഫുട്ബോൾ ആരാധകർക്ക് കലൂരിലെ ഫാൻ പാർക്കിൽ നിന്ന് ഒരുമിച്ച് കളി കണ്ട് കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാം.സ്റ്റേഡിയത്തിലേക്കുള്ള റോഡിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്‍റ് ഫാന്‍ പാര്‍ക്ക് ഒരുക്കുന്നത്. വൈകിട്ട് അഞ്ചര മുതല്‍ മത്സത്തിന്‍റെ ലൈവ് സ്ട്രീമിംഗ് തുടങ്ങും.അവസാന രണ്ടു വർഷമായി സ്റ്റേഡിയത്തിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.

ആറുവര്‍ഷത്തിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കടുത്ത എതിരാളികൾ ആണെങ്കിലും ജാംഷെഡ്പൂരിനെ മറികടക്കാം എന്ന അതവിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്.പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ തന്ത്രങ്ങളെല്ലാം താരങ്ങൾ മൈതാനത്ത് നടപ്പിലാക്കിയാൽ വിജയം ബ്ലാസ്റ്റേഴ്സിനൊപ്പം വരുമെന്നുറപ്പാണ്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വന്നത്. ഏറ്റവും കൂടുതൽ പോയിന്റുകൾ , ഗോളുകൾ, തോൽവി അറിയാതെ കൂടുതൽ മത്സരങ്ങൾ എല്ലാം പിന്നിട്ടത് ഈ സീസണിലാണ്.

Rate this post