തിബോട് കോർട്‌വ ബെൽജിയം സ്‌ക്വാഡിൽ നിന്നും പുറത്ത്, പ്രതിസന്ധിയിലായി സിനെദിൻ സിദാൻ
റയൽ മാഡ്രിഡിനു വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് ബെൽജിയൻ സൂപ്പർകീപ്പർ തിബോട് കോർട്‌വ. ഇത്തവണയും ആ പ്രകടനം തുടരുകയാണ് കോർട്‌വാ. എന്നാൽ അന്താരഷ്ട്ര മത്സരങ്ങൾക്കായി ബെൽജിയം ക്യാമ്പിലെത്തിയ കോർട്‌വയെ ശരീരിക ആസ്വസ്ഥതകൾ മൂലം മാഡ്രിഡിലേക്കു തന്നെ തിരിച്ചയച്ചിരിക്കുകയാണ് ബെൽജിയം.
ബെൽജിയം ക്യാമ്പിലെത്തുന്നതിനു മുൻപ് തന്നെ താരത്തിനു നടുഭാഗത്തിന് താഴെ ചെറിയ തോതിൽ വേദന അനുഭവപ്പെട്ടിരുന്നു. റയൽ മാഡ്രിഡിനോട് ഇക്കാര്യം കോർട്‌വ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ബെൽജിയം ക്യാമ്പിലെത്തി കൂടുതൽ പരിശോധനകൾക്കു ശേഷം നാഷണൽ ടീം ഡോക്ടർ പരിശീലകനുമായി ചർച്ചകൾ നടത്തി സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
Concern for Zidane as psoas muscular problem forces Thibaut Courtois to abandon Belgian squad.https://t.co/Aq3qXhdWEJ
— AS English (@English_AS) October 8, 2020
ഐവറികോസ്റ്റുമായുള്ള സൗഹൃദമത്സരത്തിലാണ് ബെൽജിയം ആദ്യം ഏറ്റുമുട്ടുക. എന്നാൽ അതിനു ശേഷം നേഷൻസ് ലീഗ് മത്സരങ്ങളും ബെൽജിയത്തിനു കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടുമായും ഐസ്‌ലാൻഡുമായുമാണ് നേഷൻസ് ലീഗിൽ ബെൽജിയം കൊമ്പുകോർക്കുന്നത്.
കോർട്‌വയെ പരിക്കുമൂലം നഷ്ടപ്പെട്ടാൽ അത് കൂടുതൽ തിരിച്ചടിയാവുന്നത് റയൽ പരിശീലകൻ സിദാനു തന്നെയാണ്. കൊറോണ മൂലം രണ്ടാം ഗോൾകീപ്പറായ ലുണിൻ ക്വാറന്റൈനിൽ ആയതോടെ റയൽ പ്രതിസന്ധിയിലായിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം കാഡിസുമായാണ് റയലിനു മത്സരങ്ങളുള്ളത്. ഒപ്പം കാർവാഹലിനും ഹസാർഡിനും ഓഡ്രിയൊസോളക്കും പരിക്കായി പുറത്തു പോയതും റയലിനു തിരിച്ചടിയായിരുന്നു.