കേരള ബ്ലാസ്റ്റേഴ്സ് ഹീറോ സൂപ്പർ കപ്പ് 2023 കാമ്പെയ്‌നിലെ ആദ്യ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും.രാത്രി 8 .30 ക്ക് കോഴിക്കോട് വെച്ചാണ് മത്സരം അരങ്ങേറുന്നത്. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ 10-ഗെയിം സസ്പെൻഷനെ തുടർന്ന് അസിസ്റ്റന്റുമാരായ ഇഷ്ഫാഖ് അഹമ്മദും ഫ്രാങ്ക് ഡോവെനുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ നിയന്ത്രിക്കുന്നത്.
സാധാരണയായി കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നതാണ് എല്ലാവരും കാണാറുള്ളത്.കൂടുതൽ ആരാധക പിന്തുണയും ബ്ലാസ്റ്റേഴ്സിന് അവിടെ നിന്നാണ് ലഭിക്കാറുള്ളത് എന്നാൽ കോഴിക്കോട്ടെ ഇഎംഎസ് സ്റ്റേഡിയത്തിൽ കളിക്കുന്നത് ഒരു പ്രശ്നമല്ലെന്നാണ് ഇഷ്ഫാഖ് അഹമ്മദ് പറയുന്നത്.മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇഷ്ഫാഖ്.
“കോഴിക്കോട് കളിക്കുന്നത് എനിക്ക് വെല്ലുവിളിയായി തോന്നുന്നില്ല, ഇന്നലെ ഞാൻ ടിവിയിൽ കണ്ടപ്പോൾ മൈതാനം മനോഹരമായി തോന്നി.വ്യക്തിപരമായി ഇത് ഞങ്ങളുടെ രണ്ടാമത്തെ ഹോം ആണെന്ന് എനിക്ക് തോന്നുന്നു.ഐഎസ്‌എൽ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കാം കാരണം ഇത്തരത്തിലുള്ള ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കേണ്ടതുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കാൻ ആരാധകർ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്” ഇഷ്‌ഫാഖ് പറഞ്ഞു.
“ടീമിനെ നയിക്കാൻ ക്ലബ്ബ് ക്യാപ്റ്റൻമാരായ അഡ്രിയാൻ ലൂണയും ജെസൽ കാർനെറോയും കോഴിക്കോട്ടുണ്ടാകില്ല, പക്ഷേ അവർക്ക് പകരം വെക്കാൻ കഴിയുന്ന കളിക്കാർ ഉണ്ടെന്ന് അഹമ്മദ് കണക്കാക്കുന്നു.മാനേജുമെന്റും കോച്ചിംഗ് സ്റ്റാഫും പിന്നീട് തീരുമാനമെടുക്കും, പക്ഷേ ഞങ്ങൾക്ക് മാർക്കോയെപ്പോലെ വിശ്വസിക്കാവുന്ന നിരവധി സീനിയർ കളിക്കാരുണ്ട്. ലെസ്‌കോവിച്ച്, വിക്ടർ മോംഗിൽ, സഹൽ സമദ് എന്നിവർ ദീർഘകാലം ക്ലബിനൊപ്പമുണ്ട്. എങ്കിലും ഇത് അപ്രധാനമാണ്; മത്സരത്തിന് തയ്യാറെടുക്കുകയാണ് പ്രധാനം,” കോച്ച് പറഞ്ഞു.ബെംഗളൂരു എഫ്‌സി, ശ്രീനിധി ഡെക്കാൻ, ഐ-ലീഗ് 2022-23 ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലുള്ളത്.