ക്രൂസിന് അർഹിക്കുന്ന മറുപടി നൽകി ഓബമയാങ്ങ്, ട്വിറ്ററിൽ പോരടിച്ച് ആരാധകർ

റയൽ മാഡ്രിഡ് സൂപ്പർതാരമായ ടോണി ക്രൂസ് തന്റെ ഗോളാഘോഷത്തിന്റെ പേരിൽ നടത്തിയ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ആഴ്സനൽ നായകൻ ഓബമയാങ്ങ്. കഴിഞ്ഞ ദിവസം ഫുട്ബോളിലെ വിചിത്രമായ ഗോളാഘോഷങ്ങളെ വിമർശിച്ച ക്രൂസ് ഓബമയാങ്ങ് നടത്തിയിട്ടുള്ള മാസ്ക് സെലിബ്രേഷനെക്കുറിച്ച് എടുത്തു പറയുകയും അതു ബാലിശവും വിഡ്ഢിത്തവുമാണെന്നു തുറന്നടിച്ചിരുന്നു.

ഓബമയാങ്ങിന്റെ ഗോളാഘോഷം നല്ല മാതൃക കാണിക്കുന്നില്ലെന്ന ക്രൂസിന്റെ വിമർശനത്തെ സംബന്ധിച്ച് ഇംഗ്ലീഷ് മാധ്യമമായ സ്പോർട് ബൈബിൾ പ്രസിദ്ധീകരിച്ച വാർത്തയുടെ ട്വിറ്റർ ലിങ്കിലാണ് ആഴ്സനൽ നായകൻ ആദ്യം തന്റെ പ്രതികരണമറിയിച്ചത്. ഇതു നിങ്ങൾ പറഞ്ഞതു തന്നെയാണോയെന്ന് ഓബമയാങ്ങ് ക്രൂസിനോടു ചോദിച്ചെങ്കിലും റയൽ താരം അതിനു മറുപടി നൽകിയില്ല.

ഇതിനു ശേഷം സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ ഓബമയാങ്ങ് വീണ്ടും പ്രതികരണം നടത്തി. “ക്രൂസിനു മക്കളുണ്ടോ? ഞാനെന്റെ മകനു വേണ്ടി നടത്തിയ ആ ഗോളാഘോഷം ഇനിയും തുടരും. നിങ്ങൾക്കു മക്കളുണ്ടാകുമ്പോൾ ജൂനിയർ സ്കൂളിലെ കുട്ടികളെ പോലെ അവരെ സന്തോഷിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.” ഓബമയാങ്ങ് ട്വിറ്ററിൽ കുറിച്ചു.

ഇരുവരുടെയും പ്രതികരണം പിന്നീട് ആരാധകർ ഏറ്റെടുത്തു. ഓബമയാങ്ങിനെക്കാൾ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രൂസിനെ ബഹുമാനിക്കാൻ ജർമൻ താരത്തിന്റെ ആരാധകർ ആവശ്യപ്പെട്ടപ്പോൾ ക്രൂസിന്റെ പരാമർശം വംശീയവിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് ഓബമയാങ്ങിനെ പിന്തുണക്കുന്നവർ പറയുന്നത്. ജർമൻ ടീമിൽ വംശീയത നില നിൽക്കുന്നുണ്ടെന്ന ഓസിലിന്റെ പരാമർശത്തെ ക്രൂസ് തള്ളിയത് ആരാധകർ എടുത്തു പറഞ്ഞു.