എംബാപ്പെക്കും മെസി കൂടെ വേണം, താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു |Lionel Messi

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം സ്വന്തമാക്കിയതിന് ശേഷം പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിക്ക് അത്ര മികച്ച അനുഭവമല്ല പിഎസ്‌ജി ആരാധകരിൽ നിന്നുണ്ടായത്. ഫ്രാൻസിന്റെ തോൽവിക്ക് പ്രധാന കാരണമായ ലയണൽ മെസിക്കെതിരെ തിരിയാനുള്ള അവസരം കൃത്യമായി ഉപയോഗിച്ച അവർ ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താവലിനു പിന്നാലെ മൂന്നു മത്സരങ്ങളിൽ തുടർച്ചയായി താരത്തെ കൂക്കിവിളിച്ചു.

ആരാധകർ തനിക്കെതിരായതോടെ പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം ലയണൽ മെസി ഒന്നുകൂടി ഉറപ്പിച്ചു. തന്റെ മുൻ ക്ലബായ ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് താരം. എന്നാൽ ആരാധകരുടെ മനോഭാവമല്ല പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പയ്ക്ക്. ലയണൽ മെസി ക്ലബിനൊപ്പം തന്നെ തുടരണമെന്നാണ് ഫ്രഞ്ച് താരം ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലയണൽ മെസി പിഎസ്‌ജിക്ക് വേണ്ടി ഇതുവരെ നടത്തിയ പ്രകടനങ്ങളെയെല്ലാം എംബാപ്പെ വളരെയധികം മാനിക്കുന്നുണ്ട്. ഇനിയും ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്താൻ മെസിക്ക് കഴുയുമെന്നാണ് എംബാപ്പെ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ലയണൽ മെസിയെ ഏതുവിധേനയും ടീമിനൊപ്പം നിലനിർത്താൻ വേണ്ടി എംബാപ്പെയും ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പ് കഴിഞ്ഞു വന്നതിനു ശേഷം എംബാപ്പെയും മെസിയും തമ്മിലുള്ള ഒത്തിണക്കം കുറഞ്ഞതിനെ തുടർന്ന് ഇരുവർക്കുമിടയിൽ ഈഗോ പ്രശ്‌നങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാലിപ്പോൾ അതിനെയെല്ലാം നിഷ്പ്രഭമാക്കി കളിക്കളത്തിൽ അപാരമായ ഒത്തിണക്കമാണ് മെസിയും എംബാപ്പെയും കാണിച്ചു കൊണ്ടിരിക്കുന്നത്. ഇത് പിഎസ്‌ജിക്ക് വിജയങ്ങളും തിരികെ കൊണ്ടുവരുന്നുണ്ട്.

ലയണൽ മെസിയും സന്തുലിതമായ ഒരു സ്ക്വാഡുമുണ്ടെങ്കിൽ തനിക്ക് ഗോളുകൾ അടിച്ചു കൂട്ടാൻ കഴിയുമെന്ന് എംബാപ്പെ ചിന്തിക്കുന്നുണ്ടാകും. അടുത്ത സീസണിൽ അതിനു വേണ്ടിയാണ് താരത്തെ നിലനിർത്താൻ എംബാപ്പെ ആഗ്രഹിക്കുന്നുണ്ടാവുക. എന്നാൽ തന്നെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങൾ തകർന്നാൽ മാത്രമേ മെസി പിഎസ്‌ജിയിൽ തുടരുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകൂ.

1/5 - (6 votes)
Lionel Messi