പരിശീലകനു വേണമെങ്കിൽ ഹമേസിനെ സ്വന്തമാക്കും, ലാലിഗ ക്ലബ് പ്രസിഡന്റ് പറയുന്നു

റയൽ മാഡ്രിഡ് താരമായ ഹമേസ് റോഡ്രിഗസുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി അറ്റ്ലറ്റികോ മാഡ്രിഡ് പ്രസിഡൻറ് എൻറിക്വ സെറേസോ. നിലവിൽ ഹമേസിനു വേണ്ടി അറ്റ്ലറ്റികോ മാഡ്രിഡ് നടത്തുന്ന ശ്രമങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും എന്നാൽ പരിശീലകനായ ഡീഗോ സിമിയോണിക്ക് ആവശ്യമെങ്കിൽ താരത്തെ സ്വന്തമാക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

“വളരെ മികച്ചതും യുവതാരങ്ങൾ നിറഞ്ഞതുമായ ഒരു സ്ക്വാഡ് ഞങ്ങൾക്കുണ്ട്. എന്നാൽ പരിശീലകന് ഒരു താരത്തെ വേണമെന്നു തോന്നുകയാണെങ്കിൽ അദ്ദേഹത്തെ ടീമിലെത്തിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. എന്നാൽ അറ്റ്ലറ്റികോയുടെ പദ്ധതികളിൽ അദ്ദേഹം ഉണ്ടോയെന്ന കാര്യം എനിക്കറിയില്ല.” റേഡിയോ മാർക്കയോട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സമ്മറിൽ തന്നെ ഹമേസിനെ സ്വന്തമാക്കാൻ അറ്റ്ലറ്റികോ മാഡ്രിഡ് നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ പ്രീ സീസണിൽ അറ്റ്ലറ്റികോയോട് റയൽ 7-3നു തോറ്റതോടെ തങ്ങളുടെ ടീമിലെ പ്രധാന താരത്തെ എതിരാളികൾക്കു വിട്ടു കൊടുക്കാനില്ലെന്ന തീരുമാനത്തിൽ റയൽ നേതൃത്വം എത്തിയതോടെയാണ് ആ ട്രാൻസ്ഫർ നീക്കങ്ങൾ ഇല്ലാതായത്.

സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗിൽ സ്ക്വാഡിൽ നിന്നും ഹമേസ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. അടുത്ത സീസണിൽ താരത്തെ സ്വന്തമാക്കാൻ അറ്റ്ലറ്റികോക്കു പുറമേ മാഞ്ചസ്റ്റർ യുണൈറ്റഡടക്കം നിരവധി ക്ലബുകൾ രംഗത്തുണ്ട്.

Rate this post