ലയൺ മെസ്സിക്ക് വേണ്ടി നിയമങ്ങൾ മാറ്റാൻ ഞങ്ങൾ ഒരുക്കമല്ല- മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് ലാലിഗ പ്രസിഡന്റ്

ലയണൽ മെസിയുടെ ഭാവി ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമാണ്. ഈ സീസണ് ശേഷം കരാർ അവസാനിക്കുന്ന താരം ഇതുവരെ അത് പുതുക്കാൻ തയ്യാറായിട്ടില്ല. ഫ്രാൻസിലെ ആരാധകർ മെസിക്കെതിരായതിനാൽ താരം ഈ സീസണു ശേഷം ക്ലബ് വിടാനാണ് ഒരുങ്ങുന്നത്. പിഎസ്‌ജി പുതിയ കരാർ നൽകിയെങ്കിലും അതിനോട് ഇതുവരെയും താരം പ്രതികരിച്ചിട്ടില്ല.

അതിനിടയിൽ ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായി ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട മെസി ക്ലബ് വിട്ടത് താൻ കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്ന് തുറന്നു പറഞ്ഞിരുന്നു. മെസിക്ക് മുന്നിൽ ബാഴ്‌സയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നാണ് ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസ് പറയുന്നത്. അതിനായി ബാഴ്‌സലോണയും മെസിയും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ലോകഫുട്ബോളിലെ സൂപ്പർതാരമായ മെസിക്ക് വേണ്ടി നിയമങ്ങളിൽ ഇളവ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

“മെസി ബാഴ്‌സലോണയിൽ എത്തണമെങ്കിൽ പല കാര്യങ്ങളിലും മാറ്റങ്ങൾ വരണം. ആദ്യത്തേത് താരം തന്റെ പ്രതിഫലം വളരെയധികം വെട്ടിക്കുറക്കേണ്ടി വരും, മറ്റൊന്ന് ബാഴ്‌സലോണ നിരവധി താരങ്ങളെ ഒഴിവാക്കണം. അതിനു പുറമെയും അവർ ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യണം. നിയമങ്ങൾ മാറ്റാൻ ഞങ്ങൾ ഒരുക്കമല്ല.” ടെബാസ് പറഞ്ഞു.

സിവിസി കരാർ ഒപ്പിടാൻ ബാഴ്‌സലോണ സമ്മതിക്കാത്തതിന്റെ പേരിൽ ലാ ലിഗ ക്ലബിന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നത്. അതുകൊണ്ടു തന്നെ മെസിയെ ടീമിലെത്തിക്കാൻ ക്ലബ് വലിയ പ്രയത്നങ്ങൾ തന്നെ നടത്തേണ്ടി വരും.

Rate this post