‘ചരിത്രം സൃഷ്ടിച്ച് 15 കാരൻ’ : ബാഴ്‌സലോണയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ലാമിൻ യമൽ|Lamine Yamal

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ ബെറ്റിസിനെ കീഴടക്കി കിരീടത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. ലാ ലിഗ കിരീടത്തിലേക്ക് ഒന്ന് കൂടി അടുത്ത ബാഴ്‌സലോണ ടീമിന് വേണ്ടി ചരിത്രം തിരുത്തി ലാ മാസിയയിൽ നിന്നുള്ള യുവതാരം.

15 വർഷവും 290 ദിവസവും പ്രായമുള്ള ലാമിൻ യമാൽ എഫ്‌സി ബാഴ്‌സലോണയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ബാഴ്‌സയും റയൽ ബെറ്റിസും തമ്മിൽ ശനിയാഴ്ച നടന്ന ലാ ലിഗ ഏറ്റുമുട്ടലിനിടെ, 84-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ കൗമാരക്കാരൻ തന്റെ അരങ്ങേറ്റം കുറിച്ചു. ബാഴ്‌സലോണ കോച്ച് സാവി യമലിനെ “നിർഭയൻ” എന്നാണ് വിശേഷിപ്പിച്ചത്.LA ലിഗ വമ്പൻമാരായ എഫ്‌സി ബാഴ്‌സലോണ അവരുടെ ഓൺ-ഫീൽഡ് കളിക്ക് മാത്രമല്ല, നന്നായി ചിട്ടപ്പെടുത്തിയ യൂത്ത് അക്കാദമിയായ ലാ മാസിയയ്ക്ക് പ്രസിദ്ധമാണ്.

ലയണൽ മെസ്സി, കാർലോസ് പുയോൾ, ജെറാർഡ് പിക്വെ, ആൻഡ്രിയാസ് ഇനിയേസ്റ്റ തുടങ്ങിയ ഇതിഹാസങ്ങളെല്ലാം ലാ മാസിയ ബിരുദധാരികളായിരുന്നു. അടുത്തിടെ ഉയർന്നു വന്ന താരമായിരുന്നു അൻസു ഫാത്തി.16 ആം വയസ്സിലായിരുന്നു ഫാത്തി ബാഴ്സക്കായി അരങ്ങേറിയത്.അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ 15 കാരനായ വിംഗർ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിച്ചിരുന്നില്ല. ഇന്നലെ ബെറ്റിസിനെതിരെ ഇറങ്ങിയതോടെ ആദ്യ ടീമിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാഴ്‌സ കളിക്കാരനായി.കളിക്കളത്തിൽ ഇറങ്ങിയതിനു ശേഷം ഗംഭീര പ്രകടനമാണ് താരം നടത്തിയത്.

ഇറങ്ങിയ ഉടനെ തന്നെ ബോക്‌സിനുള്ളിൽ വെച്ച് ഒരു റയൽ ബെറ്റിസ്‌ താരത്തിന്റെ കാലിൽ നിന്നും പന്ത് റാഞ്ചി ഗോളിലേക്ക് ഷോട്ടുതിർത്തെങ്കിലും അത് ഗോൾകീപ്പർ രക്ഷപ്പെടുത്തി. അതിനു പുറമെ ഒസ്മാനെ ഡെംബലെക്ക് ഗോൾ നേടാനുള്ള സുവർണാവസരം താരം സൃഷ്‌ടിച്ചെങ്കിലും ഫ്രഞ്ച് താരത്തിന് അത് കൃത്യമായി ഒതുക്കി നിർത്താൻ കഴിയാതിരുന്നത് തിരിച്ചടിയായി.റയോ വല്ലക്കാനോയ്‌ക്കെതിരായ തോൽവിക്ക് ശേഷം എഫ്‌സി ബാഴ്‌സലോണ വിജയവഴിയിലേക്ക് മടങ്ങി. ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിൻഹ എന്നിവർ ബാഴ്‌സയ്‌ക്കായി സ്‌കോർ ഷീറ്റിൽ ഇടംപിടിച്ചപ്പോൾ, ഗൈഡോ റോഡ്രിഗസിന്റെ സെൽഫ് ഗോൾ സ്‌കോർ കാർഡ് 4-0 ലേക്ക് എത്തിച്ചു.

ഈ വിജയത്തോടെ, 26 തവണ ലാ ലിഗ ചാമ്പ്യന്മാർ 27-ാം നമ്പറിലേക്ക് ഒരു വലിയ ചുവടുവെപ്പ് നടത്തി. ബദ്ധവൈരികളായ റയൽ മാഡ്രിഡിനേക്കാൾ 11 പോയിന്റ് മുന്നിലാണ് ക്ലബ്. 6 ലീഗ് മത്സരങ്ങൾ കൂടി ബാക്കിയുള്ളപ്പോൾ, ട്രോഫിയിൽ എഫ്‌സി ബാഴ്‌സലോണ ഇപ്പോൾ ഒരു കൈയ്യിലാണെന്ന് ആരാധകർ ഇതിനകം തന്നെ വിലയിരുത്തിയിട്ടുണ്ട്. റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ സമ്മർ സൈനിംഗ് നിർണായകമായിരുന്നു, കാരണം ഇതിനകം തന്നെ തരാം 19 ഗോളുകൾ സംഭാവന ചെയ്തു. പിച്ചിച്ചി റേസിൽ അദ്ദേഹം മുന്നിലാണെങ്കിലും അൽമേരിയയ്‌ക്കെതിരായ ഹാട്രിക്കിലൂടെ കരീം ബെൻസെമ വിടവ് കുറച്ചു. 17 ഗോളുമായി ബെൻസിമ രണ്ടാം സ്ഥാനത്താണ്

5/5 - (1 vote)