കേരള ബ്ലാസ്റ്റേഴ്സിൽ ഗില്ലിന്റെ പകരക്കാരനാവാൻ ലാറ ശർമ്മക്ക് സാധിക്കുമോ ?

ബെംഗളൂരു എഫ്‌സിയിൽ നിന്ന് ഒരു വർഷത്തെ ലോൺ കരാറിൽ ഗോൾകീപ്പർ ലാറ ശർമ്മയെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.24 കാരനായ ലാറ ശർമ്മ 2020 മുതൽ ബെംഗളുരുവിന്റെ താരമാണ്. ഇതുവരെ ആകെ 5 മത്സരമാണ് ലാറ ബെംഗളൂരുവിന് വേണ്ടി കളിച്ചത്.

നേരത്തെ ഇന്ത്യൻ ആരോസിന് വേണ്ടിയും എടികെ റിസേർവ് ടീമിന് വേണ്ടിയും ഈ 24 കാരൻ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രോഡക്റ്റാണ് ഈ ബംഗാളുകാരൻ. ഡുറാൻഡ് കപ്പ് ജേതാവായ ലാറ ദേശീയ ടീമിന്റെ അണ്ടർ 18 ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.പ്രശസ്തമായ ടാറ്റ ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ലാറ ശർമ്മയുടെ ഫുട്ബോൾ യാത്ര ആരംഭിച്ചത്.അവിടെ അദ്ദേഹം തന്റെ കഴിവുകൾ വികസിപ്പിക്കുകയും കരിയറിന് അടിത്തറയിടുകയും ചെയ്തു.2015 മുതൽ 2017 വരെ അദ്ദേഹം അക്കാദമിയിൽ തുടർന്നു.ടാറ്റ ഫുട്ബോൾ അക്കാദമിയുമായുള്ള തന്റെ പ്രവർത്തനത്തിന് ശേഷം ലാറ ശർമ്മ 2017-ൽ ഇന്ത്യൻ ആരോസിൽ ചേർന്നു.

2018 ൽ ഗോൾകീപ്പർ എടികെ റിസർവിലേക്ക് ഒരു നീക്കം നടത്തി.2020-ൽ, ബെംഗളൂരു എഫ്‌സി ലാറ ശർമ്മയെ ടീമിലെത്തിച്ചു.ബംഗളൂരു എഫ്‌സി പോലുള്ള ഒരു മികച്ച ക്ലബ്ബിലേക്കുള്ള നീക്കം അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. “ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള അവസരം വളരെ സവിശേഷമാണ്. ക്ലബിന് ചുറ്റുമുള്ള ആരാധകരും അന്തരീക്ഷവും ഊർജവും വളരെ വലുതാണ്.ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും ക്ലബ്ബിന് സാധ്യമായ എല്ലാ വിധത്തിലും സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു” ലാറ ശർമ്മ പറഞ്ഞു.

“ഞങ്ങൾ വളരെക്കാലമായി പിന്തുടരുന്ന ഒരാളാണ് ലാറ.ഒരു കളിക്കാരനെന്ന നിലയിൽ ലാറ ശർമ്മയുടെ വളർച്ചയിൽ ഈ വരാനിരിക്കുന്ന സീസൺ ഗണ്യമായ പങ്ക് വഹിക്കുമെന്നും ഞങ്ങളോടൊപ്പമുള്ള സമയം അവനും ക്ലബ്ബിനും പരസ്പര പ്രയോജനകരമാണെന്നും ഞാൻ പ്രതീക്ഷിക്കുന്നു” കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.