മാർട്ടിനസ്സ് ട്രാൻസ്ഫറിൽ ട്വിസ്റ്റ്‌..

ബാഴ്സലോണയുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ പ്രധാനിയായ ഇന്റർ മിലാൻ സ്ട്രൈക്കർ ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. താരത്തെ ഈ സമ്മറിൽ സ്വന്തമാക്കാൻ ബാഴ്സക്കു കഴിയില്ലെന്നതാണ് റയലിനു ഗുണമായത്. സ്പോർട്സ് മീഡിയസെറ്റാണ് അർജൻറീന താരത്തിന്റെ ട്രാൻസ്ഫർ വാർത്ത പുറത്തു വിട്ടത്.

റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാനുമായി മികച്ച ബന്ധമാണ് റയൽ മാഡ്രിഡിനുള്ളത്. നേരത്തെ റയൽ മാഡ്രിഡിൽ നിന്നും അഷ്റഫ് ഹക്കിമിയെ ഇന്റർ സ്വന്തമാക്കിയിരുന്നു. ഈ ബന്ധം വഴി റിലീസ് ക്ലോസ് ഒഴിവാക്കി നൂറു മില്യൺ യൂറോയുടെ ട്രാൻസ്ഫർ ഫീസ് നൽകി താരത്തെ സ്വന്തമാക്കാനുള്ള ബിഡാണ് റയൽ സമർപ്പിച്ചിരിക്കുന്നത്.

താരത്തിന്റെ ഏജന്റ് അടുത്തിടെ നടത്തിയ സ്പെയിൻ യാത്രയിൽ റയൽ മാഡ്രിഡ് ഡയറക്ടർമാരെ കണ്ടുവെന്നും ട്രാൻസ്ഫർ ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സീസണിൽ എട്ടു മില്യൺ യൂറോ പ്രതിഫലമായി ലഭിക്കുന്ന കരാർ താരം റയലുമായി ഒപ്പിടാനാണ് സാധ്യത.

ലൂക്ക ജൊവിച്ചിനെ നൽകിയുള്ള കരാറിനും റയൽ ശ്രമം നടത്തുന്നുണ്ട്. ലൗടാരോ റയൽ മാഡ്രിഡിലെത്തിയാൽ ബാഴ്സയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണത്. സുവാരസിനു പകരക്കാരനായി ദീർഘകാലമായി ബാഴ്സ പരിഗണിക്കുന്ന താരമാണ് ലൗടാരോ.