ചെൽസി രണ്ടും കൽപ്പിച്ച് തന്നെ, ലൗറ്ററോ,ദിബാല എന്നിവരിലൊരാളെ ടീമിലെത്തിച്ചേക്കും.
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കി താരങ്ങളെ എത്തിച്ച ടീമാണ് ചെൽസി. ടിമോ വെർണർ, കായ് ഹാവെർട്സ്, ഹാകിം സിയെച്ച്, തിയാഗോ സിൽവ, ബെൻ ചിൽവെൽ, മലങ് സർ, മെന്റി എന്നീ താരങ്ങളെയെല്ലാം ചെൽസി ഇത്തവണ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ചെൽസി അവസാനിപ്പിക്കുന്നില്ല ലക്ഷണമില്ല.
അടുത്ത ട്രാൻസ്ഫർ ജാലകത്തിലും മികവുറ്റ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിൽ തന്നെയാണ് ലംപാർഡ്. അർജന്റീനയുടെ രണ്ട് സൂപ്പർ താരങ്ങളിൽ ഒരാളെയാണ് ചെൽസി ലക്ഷ്യം വെക്കുന്നത്. പൌലോ ദിബാല, ലൗറ്ററോ മാർട്ടിനെസ് എന്നിവരിൽ ഒരാളെ എത്തിക്കാനാണ് പദ്ധതി. ഈ ട്രാൻസ്ഫറിൽ തന്നെ ലൗറ്ററോക്ക് വേണ്ടി ചെൽസി നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ അത് ലൗറ്ററോ തന്നെ നിരസിക്കുകയായിരുന്നു.
Chelsea wanted Lautaro in the summer and now want Dybala. https://t.co/KRQ8v7Op1v
— The Blue Stand (@TheBlue_Stand) October 14, 2020
തനിക്ക് ബാഴ്‌സയോ റയലോ ആണ് താല്പര്യം എന്നാണ് ലൗറ്ററോ അന്ന് അറിയിച്ചത്. പിന്നീട് താരം ഇന്ററിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അടുത്ത സമ്മറിൽ ഒരു തവണ കൂടി ശ്രമിക്കാനാണ് ചെൽസി ആലോചിക്കുന്നത്. ഇനി ദിബാലയുടെ കാര്യത്തിലേക്ക് വന്നാൽ താരത്തിന്റെ യുവന്റസിലുള്ള കരാർ 2022-ൽ അവസാനിക്കും. കരാർ 2025 വരെ നീട്ടാൻ വേണ്ടി യുവന്റസ് താരത്തെ സമീപിച്ചിട്ടുണ്ടെങ്കിലും താരം സമ്മതം മൂളിയിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ തന്നെ ഇറക്കാത്തതുമായി ബന്ധപ്പെട്ട് ദിബാല യുവന്റസ് അധികൃതരോട് അസന്തുഷ്ടി അറിയിച്ചിരുന്നു. ഇത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ചെൽസി. താരം യുവന്റസ് വിടാൻ തീരുമാനിച്ചാൽ ചെൽസി താരത്തെ സമീപിച്ചേക്കും. ഏതായാലും ദിബാല യുവന്റസിൽ സന്തുഷ്ടനല്ല എന്നുള്ളത് വ്യക്തമാണ്.