ക്യാമ്പ് നൗവിൽ ബാഴ്സക്കെതിരെ മിന്നിയത് ലൗറ്ററോ തന്നെ, അർജന്റീനക്ക് പ്രതീക്ഷകളേറെ

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ബാഴ്സയും ഇന്റർ മിലാനും സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ടാണ് ക്യാമ്പ് നൗവിൽ സമനിലയിൽ പിരിഞ്ഞത്. ആവേശോജ്ജ്വല പോരാട്ടത്തിൽ ഇരുടീമുകളും തകർപ്പൻ പോരാട്ടമാണ് കാഴ്ചവെച്ചത്.

ബാഴ്സക്ക് വേണ്ടി ഡെമ്പലെ ഒരു ഗോളും ലെവന്റോസ്ക്കി രണ്ട് ഗോളുകളും നേടി.ബറെല്ല,ലൗറ്ററോ,ഗോസൻസ് എന്നിവരാണ് ഇന്റർ മിലാന്റെ ഗോളുകൾ നേടിയത്. ഈ മത്സരത്തിൽ എടുത്തു പറയേണ്ട പ്രകടനം അർജന്റൈൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനസിന്റെതാണ്.

ഒരു ഗോളും ഒരു അസിസ്റ്റുമായി മത്സരത്തിൽ മിന്നിത്തിളങ്ങിയത് ലൗറ്ററോ മാർട്ടിനസ് തന്നെയാണ്.ഇതിനുപുറമേ മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു.മത്സരത്തിന്റെ 63ആം മിനിട്ടിലാണ് ലൗറ്ററോയുടെ ഗോൾ പിറക്കുന്നത്.കൽഹനോഗ്ലുവിന്റെ പാസ് സ്വീകരിച്ച് ലൗറ്ററോ തൊടുത്ത ഷോട്ട് ഇരു പോസ്റ്റുകളിലും തട്ടിക്കൊണ്ട് വലക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

89ആം മിനുട്ടിലാണ് ലൗറ്ററോയുടെ അസിസ്റ്റ് പിറക്കുന്നത്.താരത്തിന്റെ നീളൻ പാസ് സ്വീകരിച്ച ഗോസൻസ് ഫിനിഷ് ചെയ്യുകയായിരുന്നു. ഈ സീസണിൽ മികച്ച രൂപത്തിൽ തന്നെയാണ് ലൗറ്ററോ മുന്നോട്ടുപോകുന്നത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഈ സിരി എയിൽ താരം നേടിയിട്ടുണ്ട്.

ക്യാമ്പ് നൗവിൽ ബാഴ്സയെ പോലെയൊരു വലിയ ടീമിനെതിരെ ലൗറ്ററോ മികച്ച പ്രകടനം നടത്തിയത് അർജന്റീനക്കാണ് പ്രതീക്ഷകൾ നൽകുന്നത്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ ഗോളടി ചുമതല പ്രധാനമായും ഏൽപ്പിക്കപ്പെടുക ലൗറ്ററോയിലാണ്. അത് നിറവേറ്റാൻ താൻ പ്രാപ്തനാണ് എന്നുള്ളത് ഓരോ മത്സരം കൂടുന്തോറും ലൗറ്ററോ തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

Rate this post