ആ സമയത്ത് ഞാൻ ഉള്ളിൽ കരയുകയായിരിക്കും : ലൗറ്ററോ മാർട്ടിനസ്

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിക്ക് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളാണ് ലൗറ്ററോ മാർട്ടിനസ്.അർജന്റീനയുടെ ഗോളടി ചുമതല പലപ്പോഴും ഇദ്ദേഹത്തിലാണ് ഏൽപ്പിക്കപ്പെടാറുള്ളത്. അത് ഭംഗിയായി നിർവഹിക്കാനും ലൗറ്ററോക്ക് സാധിക്കാറുണ്ട്.

വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഈ താരത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ആകെ 40 മത്സരങ്ങൾ കളിച്ചു താരം 21 ഗോളുകളും നേടിയിട്ടുണ്ട്. തന്റെ ആദ്യത്തെ വേൾഡ് കപ്പിന് ഒരുങ്ങുന്ന ലൗറ്ററോ വേൾഡ് കപ്പിലും ഗോൾ അടിച്ചു കൂട്ടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏതായാലും അർജന്റീനയുടെ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിലുള്ള സന്തോഷം താരം പങ്കുവെച്ചിട്ടുണ്ട്. അർജന്റീനയുടെ ദേശീയ ഗാനം കേൾക്കുമ്പോൾ താൻ ഉള്ളിൽ കരയുകയായിരിക്കുമെന്നാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.പുതുതായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ അർജന്റീനയുടെ ദേശീയ ഗാനം കേൾക്കുന്ന സമയത്ത് എനിക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ട്. ഞങ്ങൾ മത്സരങ്ങൾ കളിക്കുന്ന സമയത്ത് ഒരുപാട് ആരാധകർ ചുറ്റിലും ഉണ്ടാവാറുണ്ട്. അത് അവിശ്വസനീയമായ കാര്യമാണ്. അർജന്റീനയുടെ പാഷനും ആളുകൾ ആ ഗാനം ആലപിക്കുന്ന രീതിയുമൊക്കെ വൈകാരികമാണ്. അത് വിശദീകരിക്കാൻ തന്നെ ബുദ്ധിമുട്ടാണ്.ആ സമയത്ത് ഉള്ളിൽ ഞാൻ കരയുകയായിരിക്കും. ഒരു ഫുട്ബോൾ താരത്തിന് ദേശീയ ഗാനം കേൾക്കുമ്പോൾ ഒരുപാട് അഡ്രിനാലിൻ റഷ്‌ ഉണ്ടാവും ‘ ലൗറ്ററോ പറഞ്ഞു.

അതേസമയം അർജന്റീനയുടെ നാഷണൽ ടീമിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.താൻ എപ്പോഴും അർജന്റീനയുടെ ദേശീയ ടീമിനെ കുറിച്ച് ചിന്തിച്ചു കൊണ്ടേയിരിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. താൻ എല്ലാത്തിനെയും നേരിടാൻ തയ്യാറായിരിക്കുമെന്നും ഏറ്റവും മികച്ചത് നൽകുമെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.