ലോകകപ്പ് വിജയത്തിനു ശേഷം നേടിയത് പുതിയൊരു ആത്മവിശ്വാസം, ചാമ്പ്യൻസ് ലീഗ് കിരീടമുയർത്താൻ ലൗടാരോ മാർട്ടിനസ് |Lautaro Martinez
ഖത്തർ ലോകകപ്പിൽ ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള ഓരോ മത്സരങ്ങളിലും പൊരുതി ജയിച്ച് കിരീടം നേടിയതോടെ അർജന്റീന ടീമിലെ താരങ്ങളുടെ ആത്മവിശ്വാസം വളരെയധികം ഉയർന്നിട്ടുണ്ടെന്നതിൽ സംശയമില്ല. അതിനു ശേഷം ക്ലബിന് വേണ്ടി പല താരങ്ങളും ഉജ്ജ്വലമായ പ്രകടനം നടത്തുന്നത് ഇതിനു തെളിവാണ്.
ലോകകപ്പിൽ അർജന്റീന ടീമിന് വേണ്ടി നിറം മങ്ങിയ പ്രകടനം നടത്തിയ ലൗടാരോ മാർട്ടിനസിന്റെ കാര്യവും ഇതിനൊപ്പം ചേർത്തു വായിക്കാം. ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന താരം ലോകകപ്പ് വിജയത്തിന് ശേഷം തന്റെ ക്ലബായ ഇന്റർ മിലാനിലേക്ക് തിരിച്ചെത്തി മികച്ച പ്രകടനമാണ് നടത്തുന്നത്. ഇപ്പോൾ ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് നയിക്കാനും താരത്തിന് കഴിഞ്ഞു.
എസി മിലാനെതിരെ നടന്ന ആദ്യപാദ മത്സരത്തിൽ ഇന്റർ രണ്ടു ഗോളിന്റെ വിജയം നേടിയപ്പോൾ ഒരു ഗോളിന് വഴിയൊരുക്കിയ താരം അതിനു ശേഷം ഇന്നലെ നടന്ന രണ്ടാംപാദ മത്സരത്തിൽ പിറന്ന ഒരേയൊരു ഗോളും സ്വന്തമാക്കി ടീമിന് ഫൈനൽ ഉറപ്പിച്ചു നൽകി. മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനുട്ടിൽ ലുക്കാക്കുവിന്റെ പാസിൽ നിന്നുമാണ് അർജന്റീന താരം ഗോൾ നേടിയത്.
ഈ സീസണിൽ ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ താരം ഇറ്റാലിയൻ ലീഗിലെ രണ്ടാമത്തെ ടോപ് സ്കോററാണ്. ചാമ്പ്യൻസ് ലീഗിൽ മൂന്നു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ താരം നിർണായക മത്സരങ്ങളിലെല്ലാം തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇപ്പോൾ ഒരു വിജയമകലെ ചാമ്പ്യൻസ് ലീഗ് എന്ന നേട്ടവും അർജന്റീന താരത്തെ കാത്തിരിക്കുന്നു.
Lautaro Martinez has scored 25 goals in consecutive seasons for the first time in his career;
— WFGOALS (@WFTV46) May 17, 2023
Inter Milan 1-0 AC Milan (agg:3-0)
✅ 2021/22:
👕 49 appearances
⚽ 25 goals
✅ 2022/23:
👕 52 appearances
⚽ 25 goals#UCL #InterMilanpic.twitter.com/14r1eYS6CW
2010ൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയതിനു ശേഷം ആദ്യമായാണ് ഇന്റർ ടൂർണമെന്റിന്റെ ഫൈനലിൽ കടക്കുന്നത്. 2010നു ശേഷം മറ്റൊരു ഇറ്റാലിയൻ ക്ലബും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടുമില്ല. അതുകൊണ്ടു തന്നെ ഫൈനൽ വിജയം നേടി ചരിത്രം കുറിക്കാൻ തന്നെയാണ് ഇന്റർ മിലാൻ ഒരുങ്ങുന്നത്.