അർജന്റീന സൂപ്പർതാരം ടീം വിടാതിരിക്കാനുള്ള പുതിയ തന്ത്രം,ഇന്റർ മിലാന്റെ പുതിയ ക്യാപറ്റൻ ലവ്താരോ

ഇന്റർ മിലാനിൽ ഹീറോ പരിവേഷമാണ് അർജന്റീന താരമായ ലൗടാരോ മാർട്ടിനസിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ ടീമിന്റെ ഏറ്റവും പ്രധാന താരമാകുമെന്ന് പ്രതീക്ഷിച്ചയാൾ നിറം മങ്ങിപ്പോയെങ്കിലും കിരീടവിജയത്തിനു ശേഷം ലഭിച്ച ആത്മവിശ്വാസം ക്ലബിനു വേണ്ടി ഓരോ മത്സരത്തിലും അർജന്റീന താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.

നാപ്പോളിയാണ് ലീഗിൽ കിരീടം നേടിയതെങ്കിലും നിലവിൽ ഇന്റർ മിലാൻ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നുണ്ട്. അതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ ഉറപ്പിക്കാൻ എസി മിലാനെതിരായ അടുത്ത മത്സരത്തിൽ ഒരു സമനില മാത്രം മതിയവർക്ക്. 2010ൽ കിരീടം നേടിയതിനു ശേഷം ഇന്റർ മിലാൻ ആദ്യമായാണ് ഒരു ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കാൻ പോകുന്നത്.

ഇന്റർ മിലാന്റെ ഈ കുതിപ്പിൽ അർജന്റീന താരമായ ലൗടാരോ മാർട്ടിനസിനു വലിയ പങ്കുണ്ട്. ഇരുപത്തിയഞ്ചോളം ഗോളുകൾ ഈ സീസണിൽ ഇന്ററിനായി അടിച്ചു കൂട്ടിയ താരം നിലവിൽ സീരി എയിലെ സെക്കൻഡ് ടോപ് സ്കോററാണ്. താരത്തിന്റെ ആത്മവിശ്വാസം ടീമിന് വലിയ പ്രചോദനമാണ്. ഇതെല്ലാം പരിഗണിച്ച് ലൗറ്റാറോയെ ഇന്റർ മിലാൻ നായകനാക്കാൻ ഒരുങ്ങുകയാണ് ക്ലബ് സിഇഒ.

“അടുത്ത സീസണിൽ ലൗട്ടാരോ ഞങ്ങളുടെ ക്യാപ്റ്റനാകാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടെന്ന് ഞാൻ കരുതുന്നു. അവൻ വളരുകയാണ്, 25 വയസ്സിൽ ക്യാപ്റ്റനാകുന്നത് വളരെ വലിയൊരു കാര്യമാണ്. അദ്ദേഹം ഒരു ലോകോത്തര ഫുട്ബോൾ കളിക്കാരനാണ് എന്നതിനൊപ്പം തന്നെ മൂല്യങ്ങളുള്ള മനുഷ്യൻ കൂടിയാണ്.” ഇന്റർ മിലാൻ മേധാവി മറോട്ട പറഞ്ഞു.

സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലൗടാരോ മാർട്ടിനസിനു വേണ്ടി നിരവധി വമ്പൻ ക്ലബുകളുടെ ഓഫറുകളുണ്ട്. നിലവിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടനം തുടങ്ങിയ ക്ലബുകൾ താരത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ഏറ്റവും മികച്ച താരത്തെ ക്ലബിൽ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇന്റർ ലൗറ്റാറോയെ നായകനാക്കുന്നതെന്ന് വേണം കരുതാൻ.

Rate this post