മെസിക്കു ബാഴ്സയെ വേണ്ടെങ്കിൽ തനിക്കും വേണ്ടെന്നു ലൗടാരോ മാർട്ടിനസ്

ലയണൽ മെസി ബാഴ്സലോണ വിടാൻ തീരുമാനിച്ചതോടെ കറ്റലൻ ക്ലബിലേക്കുള്ള തന്റെ ട്രാൻസ്ഫറിൽ നിന്നും പിന്മാറാൻ ഇന്റർ മിലാൻ താരം ലൗടാരോ മാർട്ടിനസ് ഒരുങ്ങുന്നു. ബാഴ്സയിലേക്കുള്ള ട്രാൻസ്ഫർ ഒഴിവാക്കി ഇന്റർ മിലാനുമായി പുതിയ കരാർ ഒപ്പിടാനാണ് ലൗടാരോ മാർട്ടിനസ് ഒരുങ്ങുന്നതെന്ന് ഇറ്റാലിയൻ മാധ്യമം കൊറേറൊ ഡെല്ലോ സ്പോർട് റിപ്പോർട്ടു ചെയ്തു. മെസി ബാഴ്സ വിടുന്നത് ടീമിലേക്കു താരങ്ങൾ വരുന്നതിനെ ബാധിക്കുമെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്.

മെസി ടീം വിടുന്നതോടെ ബാഴ്സയിൽ ഒരഴിച്ചുപണി ആവശ്യമാണ്. നിരവധി മുതിർന്ന താരങ്ങൾ പോകുന്നതോടെ ടീമിലെത്തുന്ന യുവതാരങ്ങൾ ഒത്തിണങ്ങിക്കളിച്ചു കിരീടങ്ങൾ സ്വന്തമാക്കുന്ന തലത്തിലെത്താൻ ഏതാനും വർഷങ്ങളെടുത്തേക്കാം. പെട്ടെന്നു കിരീടങ്ങൾ നേടാൻ കഴിയുന്ന ടീമിലേക്കു ചേക്കേറാനാണ് മാർട്ടിനസിനു താൽപര്യം.

മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കാണു ചേക്കേറുന്നതെങ്കിൽ ബാഴ്സയെ തഴഞ്ഞ് ലൗടാരോ ഇംഗ്ലണ്ടിലെത്തിയേക്കാം. അഗ്യൂറോക്കു പകരക്കാരനായി സിറ്റി പരിഗണിക്കുന്ന താരങ്ങളിൽ ഒന്നാം സ്ഥാനത്താണ് ലൗടാരോ മാർട്ടിനസ്. എന്നാൽ മെസിക്കൊപ്പം കളിക്കാൻ വേണ്ടി ബാഴ്സയിലേക്കു ചേക്കാറാനിരിക്കയായിരുന്നു താരം. മെസി സിറ്റിയിലെത്തിയാൽ താരവും ട്രാൻസ്ഫറിനു സമ്മതമറിയിച്ചേക്കും.

മെസി ബാഴ്സ വിടുമെന്ന കാര്യം ഉറപ്പാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. പരിശീലനം തുടങ്ങുന്നതിന്റെ ഭാഗമായി താരം കൊവിഡ് ടെസ്റ്റിനെത്തില്ലെന്ന് ജോർജ് മെസി ബാഴ്സ പ്രസിഡൻറിനെ അറിയിച്ചുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. മെസിയും ലൗടാരോയും സിറ്റിയിൽ ഒരുമിച്ചാൽ അത് അർജന്റീനക്കും ഗുണം ചെയ്യും.

Rate this post