ലീഡ്സ് യൂണൈറ്റഡിനെതിരെ നാണം കെട്ട തോൽവിയുമായി ചെൽസി ||Chelsea

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ തകർപ്പൻ ജയവുമായി ലീഡ്സ് യുണൈറ്റഡ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലീഡ്സ് മുൻ ചാമ്പ്യന്മാരെ തകർത്തെറിഞ്ഞത്. പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു സമനിലയും വിജയവും നേടിയ ചെൽസിക്ക് മൂന്നാമത്തെ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

മത്സരത്തിന്റെ 33ആം മിനുട്ടിൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ ഒരു വലിയ അബദ്ധം ചെൽസിയെ ഒരു ഗോൾ പിറകിലാക്കി. ബാക്ക് പാസിൽ നിന്നും കിട്ടിയ പന്ത് ക്ലിയർ ചെയ്യാനുള്ള സെനഗലീസ് ഗോൾ കീപ്പറുടെ ശ്രമം പിഴക്കുകയും അവസരം കാത്തു നിന്ന ലീഡ്സിന്റെ യുവ അറ്റാക്കിങ് താരം ആരൺസൺ വലയിലാക്കുകയും ചെയ്തു. ഗോൾ വീണതയോടെ ലീഡ്സ് കൂടുതൽ ഉണർന്നു കളിക്കുവാൻ തുടങ്ങി.37 ആം മിനുട്ടിൽ ജെസ്സി മാർഷിന്റെ ടീംലീഡ് ഇരട്ടിയാക്കി. ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ റോദ്രിഗോ ആണ് ലീഡ്സിന്റെ രണ്ടാം ഗോൾ നേടിയത്. റോഡ്രിഗോയുടെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്.

ഒരു PL സീസണിലെ ആദ്യ മൂന്ന് ഗെയിമുകളിൽ സ്കോർ ചെയ്യുന്ന ചരിത്രത്തിലെ രണ്ടാമത്തെ ലീഡ്സ് കളിക്കാരനായി റോഡ്രിഗോ മാറി.ചെൽസി രണ്ടാം പകുതിയിൽ ശുഭാപ്തിവിശ്വാസത്തോടെ ഇറങ്ങിയെങ്കിലും 69ആം മിനുട്ടിൽ ഹാരിസൺ നേടിയ ഗോളിൽ ലീഡ്സ് 3 -0 ത്തിന്റെ ലീഡ് നേടി. 84ആം മിനുട്ടിൽ കൗലിബലി ചുവപ്പ് കൂടെ കണ്ടതോടെ ചെൽസിയുടെ പരാജയം ഉറപ്പായി. 2002 ശേഷം ചെൽസിക്ക് എതിരെ ലീഡ്സിന്റെ ആദ്യ ലീഗ് വിജയം ആണിത്.ടുച്ചലിന്റെ ടീം സീസണിലെ ആദ്യ തോൽവിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് അൽബിയോൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി.അലക്സിസ് മാക് അലിസ്റ്റർ (22′ PEN)ലിയാൻഡ്രോ ട്രോസാർഡ് (66′) എന്നിവരാണ് വിജയികളുടെ ഗോളുകൾ നേടിയത്. മൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റ് ആണ് ബ്രൈറ്റൺ ഉള്ളത്.

Rate this post