ലയണൽ മെസിയുടെ ഭാവിയാണ് ഫുട്ബോൾ ലോകത്തെ ചൂടേറിയ ചർച്ചാവിഷയം. പിഎസ്‌ജി കരാർ പുതുക്കാൻ മടിച്ചു നിൽക്കുന്ന താരം മുൻ ക്ലബായ ബാഴലോണയിലേക്ക് തിരിച്ചുവരുമെന്ന റിപ്പോർട്ടുകൾ വളരെ ശക്തമാണ്. അതിനുള്ള നീക്കങ്ങൾ ശരിയായ ദിശയിലാണു മുന്നോട്ടു പോകുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയും ബാഴ്‌സലോണ പ്രസിഡന്റായ ലപോർട്ടയും തമ്മിൽ കൂടിക്കാഴ്‌ച നടത്താൻ ഒരുങ്ങുകയാണ്. ലയണൽ മെസി ബാഴ്‌സലോണ വിട്ടതുമായി ബന്ധപ്പെട്ട് രണ്ടു പേർക്കുമിടയിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇല്ലാതാക്കുക എന്നതാണ് കൂടിക്കാഴ്‌ചയുടെ പ്രധാനപ്പെട്ട ലക്‌ഷ്യം.
നേരത്തെ ലപോർട്ട ലയണൽ മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസിയെ കണ്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്രാൻസ്‌ഫർ സംബന്ധിച്ച കാര്യങ്ങളല്ല ചർച്ച ചെയ്‌തതെന്നാണ് വാർത്തകൾ വന്നതെങ്കിലും അതിനു പിന്നാലെ അദ്ദേഹം മെസ്സിയെയും കാണാൻ ഒരുങ്ങുന്നത് താരം തിരിച്ചു വരാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നത് തന്നെയാണ്.
രണ്ടു പേരും തമ്മിലുള്ള ചർച്ചയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാനപ്പെട്ട കാര്യം ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള തന്റെ താൽപര്യം മെസി ലപോർട്ടയെ അറിയിക്കുക എന്നതായിരിക്കും. ഈ കൂടിക്കാഴ്‌ചയിൽ മെസിക്ക് ബാഴ്‌സലോണ ഔദ്യോഗികമായ ട്രാൻസ്‌ഫർ ഓഫർ നൽകാനുള്ള സാധ്യതയുമുണ്ട്. എന്തായാലും മെസിയുടെ തിരിച്ചുവരവിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട് എന്നാണിതെല്ലാം വ്യക്തമാക്കുന്നത്.
After speaking with his father in February, Leo Messi hopes Joan Laporta will take the initiative to reach out to him as well.
— Everything Barca Lite (@Barca_Lite) April 9, 2023
— @mundodeportivo pic.twitter.com/RK7AhLROHT
ബാഴ്‌സലോണയെ സംബന്ധിച്ച് പ്രധാനപ്പെട്ട വിഷയം സാമ്പത്തിക പ്രതിസന്ധിയാണ്. അതിനെ മറികടക്കാനുള്ള സ്‌പോൺസർഷിപ്പ് കരാറുകൾ ഉണ്ടാക്കാൻ ബാഴ്‌സലോണ ചർച്ചകൾ നടത്തുന്നുണ്ട്. അത് കൃത്യമായി വിജയിക്കുകയും ലാ ലിഗ അയവു നൽകുകയും ചെയ്‌താൽ മെസിയെ തിരിച്ചെത്തിക്കാനുള്ള ബാഴ്‌സയുടെ പദ്ധതികൾ നടപ്പിലാകും എന്നുറപ്പാണ്.